LiveTV

Live

National

മതസൗഹാര്‍ദ പരസ്യവുമായി സര്‍ഫ് എക്സല്‍; പ്രകോപിതരായി സംഘപരിവാര്‍

മതസൗഹാര്‍ദ പരസ്യവുമായി സര്‍ഫ് എക്സല്‍; പ്രകോപിതരായി സംഘപരിവാര്‍

പ്രമുഖ ഡിറ്റര്‍ജന്റ് കമ്പനിയായ സര്‍ഫ് എക്സലിന്റെ ഏറ്റവും പുതിയ പരസ്യത്തിനെതിരെ പ്രകോപിതരായിരിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. മതസൗഹാര്‍ദത്തെ ഊട്ടിയുറപ്പിക്കുന്ന പരസ്യം ഹിന്ദു ആഘോഷമായ ഹോളിയെ തെറ്റായ രീതിയില്‍ കാണിക്കുന്നെന്നും ലൗ ജിഹാദിനെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും പറയുന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഡിറ്റര്‍ജന്റ് കമ്പനിക്കെതിരെ ഓൺലൈന്‍ പ്ലാറ്റ്ഫോമായ ട്വിറ്ററിലൂടെ #BoycottSurfExcel എന്ന ഹാഷ്ടാഗോടെയാണ് രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള സര്‍ഫ് എക്സലിന്റെ പരസ്യത്തെ അതേ സമയം അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമ്പനിയുടെ ഫേസ്ബുക്ക് പരസ്യത്തിന് കീഴെ രംഗത്ത് വന്നിരിക്കുന്നത്.

നിറയെ ചായങ്ങളുമായി കാത്തിരിക്കുന്ന കൂട്ടുകാര്‍ക്കിടയിലേക്ക് പെണ്‍കുട്ടി സൈക്കിളില്‍ കടന്നു വരുന്നതും എല്ലാവരും ആ പെണ്‍കുട്ടിക്ക് നേരെ ചായം വാരി എറിയുന്നതുമാണ് പരസ്യത്തിലെ ആദ്യ രംഗം. തുടര്‍ന്ന് എല്ലാവരുടെയും ചായം സന്തോഷത്തോടെ ഏറ്റുവാങ്ങിയ പെണ്‍കുട്ടി ചായം തീരുന്നതും കൂട്ടുകാരനായ മുസ്‌ലിം സുഹൃത്തിനെ കൂട്ടിക്കൊണ്ടുവരികയും സൈക്കിളില്‍ പള്ളിയിലെത്തിക്കുകയും ചെയ്യുന്നു. പള്ളിയ്ക്കു മുമ്പില്‍ സുഹൃത്തിനെ ഇറക്കിവിടുമ്പോള്‍ ‘ഞാന്‍ നിസ്‌കരിച്ചശേഷം വേഗം വരാം’ എന്നു പറഞ്ഞാണ് കൂട്ടുകാരന്‍ പടികള്‍ കയറി പോകുന്നത്. ഈ പരസ്യത്തിനെതിരായാണ് ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രകോപനവുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്ത് വന്നിരിക്കുന്നത്. പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ ഉല്‍പന്നം ബഹിഷ്ക്കരിക്കുമെന്നാണ് ഹിന്ദുത്വ പ്രവര്‍ത്തകരുടെ ഭീഷണി. എന്തായാലും സര്‍ഫ് എക്സല്‍ കമ്പനി ഇത് വരെ ഒരുതരത്തിലുള്ള വിശദീകരണവും പുറത്ത് വിട്ടിട്ടില്ല.