LiveTV

Live

National

സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം എത്രയും പെട്ടെന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍

ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമായി. ജൂണ്‍ മൂന്നിനാണ് മോദി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുക. അതേസമയം സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പ്രചാരണത്തില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ താക്കീത് നല്‍കി. ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം എത്രയും പെട്ടെന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍, മെയ് മാസങ്ങളിലായി ഏഴോ എട്ടോ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതോടൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം കഴിഞ്ഞ ദിവസം ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

2014ല്‍ ഏപ്രില്‍ 7 മുതല്‍ മെയ് 12വരെ 9 ഘട്ടമായാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രചാരണം സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുള്ളത്. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, സമാന മാതൃകയിലുള്ള വസ്ത്രങ്ങള്‍ ഒന്നും തന്നെ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ നാവിക സേന മേധാവി എല്‍ രാംദാസ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വ്യോമ സേന വിങ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ധമാന്റെ ചിത്രങ്ങള്‍ ബി.ജെ.പി പോസ്റ്ററുകളില്‍ ഉപയോഗിക്കുകയും ഡല്‍ഹി ബി.ജെ.പി എം.പി മനോജ് തിവാരി സൈനിക വസ്ത്രത്തില്‍ പാര്‍ട്ടി റാലിക്കെത്തുകയും ചെയ്തിരുന്നു.