LiveTV

Live

National

ഇന്ന് കശ്മീരിലെ പത്രങ്ങളിറങ്ങിയത് ഒഴിച്ച് നിര്‍ത്തിയ ഒന്നാം പേജുമായി; കാരണമിതാണ്... 

ഇന്ന് കശ്മീരിലെ പത്രങ്ങളിറങ്ങിയത് ഒഴിച്ച് നിര്‍ത്തിയ ഒന്നാം പേജുമായി; കാരണമിതാണ്... 

ഇന്ന് കശ്മീരിലെ എല്ലാ പത്രങ്ങളും പുറത്തിറങ്ങിയത് ഒഴിഞ്ഞ ഒന്നാം പേജുമായി. കശ്മീരിലെ രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതാണ് പത്രങ്ങളുടെ ഇന്നത്തെ പ്രതിഷേധത്തിന് കാരണം. കശ്മീരിലെ പ്രധാനപ്പെട്ട രണ്ട് ഇംഗ്ലീഷ് ദിനപത്രങ്ങളായ ഗ്രേറ്റര്‍ കശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് ഫെബ്രുവരി 16 മുതല്‍ അധിക‍്യതര്‍ പരസ്യം നിഷേധിച്ചിരുന്നു. പുല്‍വാമ സംഭവമാണ് പരസ്യ നിഷേധത്തിന് പിന്നിലെന്നാണ് ചില മാധ്യമപ്രവര്‍ത്തകരുടെ അനുമാനം. വിശദീകരണങ്ങളൊന്നുമില്ലാതെ പരസ്യം നിഷേധിച്ച് ഗവണ്‍മെന്റ് അധിക്യതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് കശ്മീരിലെ പത്ര പ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണിതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തി.

‘വിശദീകരണം നല്‍കാതെ ഗ്രേറ്റര്‍ കശ്മീരിനും കശ്മീര്‍ റീഡറിനും സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിക്കുന്നു’- കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ ഈ പ്രതിഷേധ കുറിപ്പുമായാണ് ഇന്ന് കശ്മീരിലെ പത്രങ്ങള്‍ പുറത്തിറങ്ങിയത്. കശ്മീരിലെ രണ്ട് ഡസനോളം പത്രങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ പ്രസ്സ് കൗണ്‍സിലിനോടും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയോടും ആവശ്യപ്പെടുമെന്ന് കശ്മീര്‍ എഡിറ്റേഴ്സ് ഗില്‍ഡ് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ ഏറ്റവും കലുഷിതമായ സംസ്ഥാനങ്ങളിലൊന്നില്‍ മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിട്ടുണ്ട്. സന്ദേശവാഹകനെ കൊല ചെയ്യുകയെന്നതിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ് ഗ്രേറ്റര്‍ കശ്മീരിന് പരസ്യങ്ങള്‍ നിഷേധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇത് മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് എന്നായിരുന്നു ഒമര്‍ ട്വിറ്ററില്‍ കുറിച്ചത്. നിലവില്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ് ജമ്മു കശ്മീര്‍.