LiveTV

Live

National

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വൈകീട്ട് 5ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനം 

വൈകീട്ട് 5ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്തസമ്മേളനം നടത്തുന്നുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; വൈകീട്ട് 5ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താസമ്മേളനം 

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. വൈകീട്ട് 5ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്തസമ്മേളനം നടത്തുന്നുണ്ട്. ഇതില്‍ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചേക്കും.

വൈകീട്ട് നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം പൊതുതെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ കമ്മീഷന്‍ വിലയിരുത്തിക്കഴിഞ്ഞു. ജൂണ്‍ മൂന്നിന് നിലവിലെ ലോക്സഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതിനാല്‍ അതോടനുബന്ധിച്ച് അടുത്ത ലോക്സഭ നിലവില്‍ വരുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദൗത്യം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും പിന്നീട് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ തന്നെ ആ സാധ്യത തള്ളിക്കളഞ്ഞിരുന്നു. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും പൊതുതെരഞ്ഞെടുപ്പിനൊപ്പമുണ്ടാകും. ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടിരിക്കുന്നതിനാല്‍ അവിടെയും തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടെങ്കിലും സുരക്ഷാപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി നിയമസഭ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനിടയുണ്ട്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ തന്നെ ഉപയോഗിക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ അമ്പത് ശതമാനം യന്ത്രങ്ങളിലെങ്കിലും വിവിപാറ്റുകള്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇന്ന് അറിയാം. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതോടെ സര്‍ക്കാരിന് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നയപരമായ പ്രഖ്യാപനങ്ങളൊന്നും നടത്താനാകില്ല.