LiveTV

Live

National

പശ്ചിമ ബംഗാളില്‍ രണ്ട് സി.പി.എം സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല

ആറ് സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടന്ന സി.പി.എം നിർദ്ദേശം കോൺഗ്രസ് അംഗീകരിച്ചു. 

പശ്ചിമ ബംഗാളില്‍ രണ്ട് സി.പി.എം സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല

ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ രണ്ട് സി.പി.എം സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ആറ് സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടന്ന സി.പി.എം നിർദ്ദേശം കോൺഗ്രസ് അംഗീകരിച്ചു. സീറ്റ് വിഭജനം സി.പി.എം - കോണ്‍ഗ്രസ് ധാരണയെ ബാധിച്ചതോടെ രാഹുല്‍ ഗാന്ധി ഇടപെടുകയായിരുന്നു.

ടി.എം.സി, ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുന്നതിനായി സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്നായിരുന്നു സി.പി.എം കേന്ദ്രകമ്മിറ്റി നി‌ർദ്ദേശം. ഇതംഗീകരിക്കാന്‍ സംസ്ഥാന കോൺഗ്രസ് തയ്യാറായില്ല. തുടര്‍ന്ന് റായ്ഗഞ്ചിൽ പി.ബി അംഗം മുഹമ്മദ് സലീമും മുർഷിദാബാദിൽ ബദറുദ്ദോസ ഖാനും മത്സരിക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചു. 42 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസും പ്രതികരിച്ചു.

തുടര്‍ന്നാണ് വിഷയത്തില്‍ ദേശീയ നേതാക്കള്‍ ഇടപെട്ടത്. സി.പി.എം നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിച്ചു. ഇപ്രകാരമാണെങ്കില്‍ മുർഷിദാബാദിലും റായ്ഗഞ്ചിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തില്ല. ഇവ കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളാണെങ്കിലും 2014ൽ ചതുഷ്കോണ മത്സരം നടന്ന ഇവിടെ സി.പി.എം വിജയിക്കുകയായിരുന്നു. അതിനാല്‍ റായ്ഗഞ്ച് വിട്ടുകൊടുക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

അന്തരിച്ച മുൻ കേന്ദ്രമന്ത്രി പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യ ദീപദാസ് മുൻഷി മത്സരിക്കുമെന്ന് നിലപാടെടുത്ത് പ്രചാരണം ആരംഭിച്ചിരുന്നു. ഇരുപാര്‍ട്ടികളും ഒറ്റക്ക് മത്സരിച്ച 2014ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നാലും സി.പി.എമ്മിന് രണ്ടും സീറ്റുകളാണ് ലഭിച്ചത്. ബഹരാംപുർ, ജംഗിപുർ, മാൽഡ ഉത്തർ, മാൽഡ ദക്ഷിൺ എന്നീ മണ്ഡലങ്ങളാണ് കോൺഗ്രസ് വിജയിച്ചത്. ഈ മണ്ഡലങ്ങളിൽ സി.പി.എം സ്ഥാനാർത്ഥികളെ നിറുത്തില്ല.