LiveTV

Live

National

ബാബരി കേസില്‍ സുപ്രീം കോടതിക്കെതിരെ ആര്‍.എസ്.എസ്

കേസ് ഉടന്‍ തീര്‍പ്പാക്കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നതെന്നും കേസിന് കോടതി അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ലയെന്നും ആരോപിച്ചു

ബാബരി കേസില്‍ സുപ്രീം കോടതിക്കെതിരെ ആര്‍.എസ്.എസ്

ബാബരി ഭൂമി തര്‍ക്കത്തിലെ മധ്യസ്ഥ ശ്രമത്തിനെതിരെ ആര്‍.എസ്.എസ്. കേസ് മധ്യസ്ഥതക്ക് വിട്ട സുപ്രിം കോടതിയുടെ നടപടി ഹിന്ദുക്കളുടെ വികാരം അവഗണിച്ചുള്ളതാണെന്ന് ആര്‍.എസ്.എസ് കുറ്റപ്പെടുത്തി . തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് കോടതി ചെയ്യേണ്ടതെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.

ബാബരി ഭൂമി തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാനുള്ള സുപ്രിം കോടതിയുടെ നീക്കം അത്ഭുതപ്പെടുത്തുന്നുവെന്നാണ് ആര്‍.എസ്.എസിന്റെ പ്രതികരണം. വാദം കേള്‍ക്കലുള്‍പ്പെടെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു സുപ്രിം കോടതി ചെയ്യേണ്ടിയിരുന്നത്. കേസിന് കോടതി ഒരു പരിഗണനയും നല്‍കാത്തതെന്തെന്ന് മനസ്സിലാകുന്നില്ല. ഹിന്ദുക്കളുടെ വികാരത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രനിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കുകയാണ് സുപ്രിം കോടതി ചെയ്യേണ്ടിയിരുന്നത്.

ശബരിമലയില്‍ വിശ്വാസികളുടെ വികാരം തീര്‍ത്തും പരിഗണിക്കാതെ തിടുക്കത്തിലാണ് സുപ്രിം കോടതി വിധി പറഞ്ഞതെന്നും ആര്‍.എസ്.എസ് പ്രതിനിധി സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇന്നലെയാണ് സുപ്രിം കോടതി ഭരണഘടന ബെഞ്ച് തര്‍ക്കപരിഹാരത്തിനായി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. നിര്‍മോഹി അഖാഡ, മുസ്ലിം കക്ഷികള്‍ ഒഴികെ ഹൈന്ദവ സംഘടനകളും മധ്യസ്ഥതക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.