LiveTV

Live

National

ബാബരി മസ്ജിദ് മധ്യസ്ഥരില്‍ രണ്ട് പേരും ജുഡീഷ്യല്‍ അംഗങ്ങള്‍

മധ്യസ്ഥ സംഘത്തിന്റെ അധ്യക്ഷനാണ് ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള.

ബാബരി മസ്ജിദ് മധ്യസ്ഥരില്‍ രണ്ട് പേരും ജുഡീഷ്യല്‍ അംഗങ്ങള്‍

സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘത്തില്‍ രണ്ട് പേരും ജുഡീഷ്യല്‍ അംഗങ്ങളാണ്. രാജ്യത്തെ തന്നെ പ്രമുഖനായ മധ്യസ്ഥരില്‍ ഒരാളാണ് മുതിര്‍ന്ന അഭിഭാഷന്‍ ശ്രീറാം പഞ്ചു. ഈ വിഷയത്തില്‍ മുമ്പ് മധ്യസ്ഥ ശ്രമം നടത്തിയ പരിചയം ശ്രീ ശ്രീ രവിശങ്കറിനുണ്ട്. മൂന്നംഗങ്ങളും തമിഴ്‌നാട്ടുകാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

മധ്യസ്ഥ സംഘത്തിന്റെ അധ്യക്ഷനാണ് ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള. മദ്രാസ് ഹൈകോടതിയിലെ ജഡ്ജിയായി സേവനം തുടങ്ങിയ അദ്ദേഹം പിന്നീട് ജമ്മു കശ്മീര്‍ ഹൈകോടതിയിലും സുപ്രീം കോടതിയിലും ജഡ്ജി ആയി. 2016 ജൂലൈയില്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചു. ബി.സി.സി.ഐ കേസില്‍ ജസ്റ്റിസ് ഖലീഫുള്ളയുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു.

സര്‍വ്വകലാശാലകളില്‍ വേദ ജ്യോതിഷം പഠന വിഷയമാക്കിയ ഉത്തരവും ഇദ്ദേഹത്തിന്റേതായിരുന്നു. എന്നാല്‍ മൂന്നംഗ സംഘത്തില്‍ മധ്യസ്ഥയില്‍ ഏറ്റവും അധികം വൈദഗ്ധ്യം ഇതിനകം തെളിയിച്ചത് ശ്രീറാം പഞ്ചുവാണ്. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് പഞ്ചു. ദി മീഡിയേഷന്‍ ചേംബര്‍ എന്നപേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. ഇന്റര്‍നാഷനല്‍ മീഡിയേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മീഡിയേറ്റേഴ്‌സിന്റെ പ്രസിഡന്റുമാണ്. കോര്‍പ്പറേറ്റ് കമ്പനികള്‍ തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ആര്‍ട്ട് ഓഫ് ലിംവിഗ് ആഥവാ ജീവനകല എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു യോഗ ആത്മീയ ആചാര്യനാണ് ശ്രീ ശ്രീ രവിശങ്കര്‍. ഇദ്ദേഹം നേരത്തെ സ്വന്തം നിലക്ക് അയോധ്യയില്‍ നടത്തിയ മധ്യസ്ഥ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു.