LiveTV

Live

National

എല്ലാവിധത്തിലും ദുരൂഹമാണ് റഫാല്‍ കരാര്‍, രേഖകള്‍ മോഷ്ടിച്ചതല്ല: എന്‍.റാം മീഡിയവണിനോട്

ഒരു വിമാനത്തിന്റെ വില പുറത്തുവിടുന്നത് എങ്ങനെ രാജ്യസുരക്ഷയെ ബാധിക്കും? വില സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നാല്‍ കുറുക്കുവഴികളെല്ലാം ജനങ്ങള്‍ക്ക് മനസിലാകും..

എല്ലാവിധത്തിലും ദുരൂഹമാണ് റഫാല്‍ കരാര്‍, രേഖകള്‍ മോഷ്ടിച്ചതല്ല: എന്‍.റാം മീഡിയവണിനോട്

റഫാല്‍ രേഖകള്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ദ ഹിന്ദു പബ്ലിക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം. പ്രസിദ്ധീകരിച്ച രേഖകളൊന്നും മോഷ്ടിച്ചവയല്ല. എല്ലാ തരത്തിലും ദുരൂഹമാണ് റഫാല്‍ കരാര്‍. കരാറിനെ കുറിച്ച് നടന്ന സമാന്തര ചര്‍ച്ചകളെല്ലാം ജനങ്ങളെ അറിയിക്കുകയാണ് ദ ഹിന്ദു ചെയ്തതെന്നും എന്‍ റാം മീഡിയവണിനോട് പറഞ്ഞു. എന്‍.റാമുമായി മീഡിയവണ്‍ പ്രതിനിധി മനേഷ് മൂര്‍ത്തി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍..

അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞതിനോടുള്ള പ്രതികരണം?

രേഖകള്‍ ഒന്നും തന്നെ മോഷ്ടിച്ചതല്ല. അത്തരം രേഖകളല്ല പുറത്തുവിട്ടത്. ഇതിനായി ആര്‍ക്കും പണവും നല്‍കിയിട്ടില്ല. ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. എല്ലാം രഹസ്യമായി സൂക്ഷിച്ച വിവരങ്ങളായിരുന്നു. റഫാലിന്റെ വില, ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകള്‍, ഈടൊന്നുമില്ലാതെ അഡ്വാന്‍സായി വലിയ തുക നല്‍കിയത്, ഇടപാട് സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ എല്ലാം. ഒന്നാമത്തെ വിമാനം എത്തുന്നതിന് മുന്‍പുതന്നെ 60 ശതമാനം തുക നല്‍കിയിരുന്നു. വില സംബന്ധിച്ച ചര്‍ച്ച നടത്താനായി നിശ്ചയിച്ച സമിതിയെ മറികടന്നുകൊണ്ട് മറ്റൊരു ഭാഗത്തുകൂടി വില തീരുമാനിച്ച് ഉറപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ ഏജന്‍സിയുടെയുമെല്ലാം ഓഫിസുകള്‍ വഴിയാണ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ചര്‍ച്ചകള്‍ നടത്തിയത്. 2013 ല്‍ ഉണ്ടാക്കിയ നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണിത്. വിലയും കൂടുതലായിരുന്നു. അഴിമതിരഹിത നിബന്ധനകള്‍ പോലും ഒഴിവാക്കി. കമ്മിഷനും നല്‍കി. മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണിയും പറഞ്ഞിട്ടുണ്ട്, ചില ക്രമക്കേടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നത്. ബി.ജെ.പി എം.പിമാരും പറഞ്ഞു. എന്തുകൊണ്ട് ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നില്ല. ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നു. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്. മറ്റു രാജ്യങ്ങളില്‍ പണം കൊടുത്ത് രേഖകള്‍ വാങ്ങി വാര്‍ത്ത നല്‍കുന്ന സമീപനമുണ്ട്. ഞങ്ങള്‍ അതു ചെയ്തിട്ടില്ല. മുന്‍പ് വിക്കി ലീക്സ് ഉള്‍പ്പെടെ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ആര്‍ടിക്കിള്‍ 19 വണ്‍ എ പൂര്‍ണമായും പാലിച്ചാണിത്. വിവരാവകാശ രേഖയുടെ നിയമങ്ങളും പാലിച്ചിട്ടുണ്ട്.

ഹിന്ദു നല്‍കിയ വാര്‍ത്തയെ കുറിച്ച് എന്താണ് പറയാനുള്ളത്?

വാര്‍ത്ത വളരെ പ്രധാനപ്പെട്ടതാണ്. ഇത് പുറത്തുവരേണ്ടതു തന്നെയാണ്. അത്രയേറെ പ്രാധാന്യമുണ്ട്. രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങളാണ് വാര്‍ത്തയിലൂടെ പുറത്തെത്തിച്ചത്. റഫാലിന്റെ വിലയൊക്കെ പുറത്തുവിടാവുന്നതാണ്. എന്നാല്‍ രാജ്യസുരക്ഷ കാരണം പറഞ്ഞാണ് അതുപോലും ചെയ്യാതിരുന്നത്. ശത്രുക്കള്‍ മുതലെടുക്കുമെന്നാണ് പറഞ്ഞത്. ഒരു വിമാനത്തിന്റെ വില പുറത്തുവിടുന്നത് എങ്ങനെ സുരക്ഷയെ ബാധിക്കും? വില സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവന്നാല്‍ ഇതിലെ കുറുക്കുവഴികളെല്ലാം ജനങ്ങള്‍ക്ക് മനസിലാകും. അതിനാല്‍, രഹസ്യമായി സൂക്ഷിയ്ക്കേണ്ട വിവരമാണെന്ന വകുപ്പിന്റെ മറവില്‍ അഴിമതി നടത്തുകയാണ് ചെയ്തത്. രേഖകള്‍ മോഷ്ടിച്ചുവെന്നത് ഏറെ പഴകിയ ആരോപണമാണ്. നിരവധി രാജ്യങ്ങളില്‍ ഇതു നടന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ പുറത്തുവന്ന രേഖകള്‍ മോഷ്ടിച്ചതാണെന്നു പറയുമ്പോഴും ഇതിലെ വിവരങ്ങള്‍ തെറ്റാണെന്ന് പറയുന്നില്ല. ഇത് വിശദീകരിക്കേണ്ട കാര്യമില്ല. രേഖകള്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായി തോന്നുന്നുണ്ടോ?

മാധ്യമപ്രവര്‍ത്തനത്തെ പേടിപ്പിക്കുന്ന സമീപനമുണ്ട് നിലവില്‍. പ്രത്യേകിച്ചും ഈ സര്‍ക്കാറിന് കീഴില്‍. ചിലതെല്ലാം അനാവശ്യമാണ്. ചില അജണ്ടകളുടെ ഭാഗമായി കൊണ്ടുവരുന്ന വാര്‍ത്തകള്‍- ന്യൂസ് ചാനലുകള്‍ പ്രത്യേകമായി ഇതിന് ശ്രമിക്കുന്നുണ്ട്. ബാലാക്കോട്ട് ആക്രമണത്തിനു ശേഷമാണിത്. പത്രങ്ങള്‍ കുറച്ചു കൂടി ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ചില ന്യൂസ് ചാനലുകള്‍ ഇതില്‍ കുപ്രസിദ്ധിയാര്‍ജിച്ചു കഴിഞ്ഞു. ദേശീയവാദത്തിന്റെ മറ്റൊരു തലത്തില്‍. ഇതു ഗുണകരമല്ല. ഇതാണ് പ്രശ്നം. അല്ലെങ്കില്‍ റഫാലുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ പുറത്തുവരുമായിരുന്നു. ഞാനൊരു മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനല്ല. എനിയ്ക്ക് ആ രേഖ കിട്ടി എങ്കില്‍ പ്രതിരോധ മേഖലയില്‍ വിദഗ്ധനായ ഒരു മാധ്യമപ്രവര്‍ത്തകന് അത് വേഗത്തില്‍ ലഭിക്കും. ബൊഫോഴ്സ് ഇടപാട് നടന്ന സമയത്ത് ശരിക്കും മത്സരമുണ്ടായിരുന്നു. നിരവധി മാധ്യമങ്ങള്‍ ഇതിനായി നന്നായി ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യം വാര്‍ത്തകള്‍ നല്‍കുന്നതിനായി. ചില ഡിജിറ്റല്‍ മീഡിയകള്‍ ചെയ്യുന്നുണ്ട്. പക്ഷെ ഭൂരിഭാഗം പത്രങ്ങളും ഇതിന് ശ്രമിക്കുന്നില്ല. ഈ വാര്‍ത്ത ചെയ്യുമ്പോള്‍ ഒരു മത്സരം തോന്നുന്നില്ല. ഒരു പക്ഷെ അത് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന ഒരു സമീപനം ഉള്ളതുകൊണ്ടാകാം. എങ്കിലും മലയാളത്തില്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നുണ്ട്. അതൊരു വലിയ നേട്ടം തന്നെയാണ്. സന്തോഷമുണ്ട്.