LiveTV

Live

National

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍; സുരക്ഷാ ക്രമീകരണങ്ങളുടെ വിലയിരുത്തല്‍ അവസാന ഘട്ടത്തില്‍  

ഈയാഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ തിയതി പ്രഖ്യാപിക്കും

 തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍; സുരക്ഷാ ക്രമീകരണങ്ങളുടെ വിലയിരുത്തല്‍ അവസാന ഘട്ടത്തില്‍   

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. ഈയാഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ തീയതി പ്രഖ്യാപിക്കും. സുരക്ഷാ വിലയിരുത്തല്‍ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് കമ്മീഷന്‍ നീക്കം. സൂചനകള്‍ അനുസരിച്ച് ഏഴോ എട്ടോ ഘട്ടങ്ങളിലായി ഏപ്രില്‍ മെയ് മാസങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും. അതിനിടെ, ഹരിയാന, മഹാരാഷ്ട്ര നിയമസഭകള്‍ നേരത്തെ പിരിച്ച് വിട്ട് ലോക്സഭക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.

കഴിഞ്ഞ കുറേ ആഴ്ചകളിലായി ലോക്സഭാ തെരഞ്ഞെടുപ്പിലെ സുരക്ഷാ ഒരുക്കങ്ങളുടെ വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് അവസാനഘട്ടത്തിലായതോടെയാണ് ഇനി ഏത് ദിവസം വേണമെങ്കിലും തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ തയ്യാറെടുക്കുന്നത്. സൂചനകള്‍ അനുസരിച്ച് ഏഴോ എട്ടോ ഘട്ടങ്ങളിലായി ഏപ്രില്‍, മെയ് മാസങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും. ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ തീയ്യതി പ്രഖ്യാപിക്കാനാണ് സാധ്യത. ജൂണ്‍ മൂന്നിനാണ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കാലാവധി കഴിയുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിന് ഒപ്പം ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിടയുണ്ട്. ജമ്മുകാശ്മീരിലെ നിയമസഭ പിരിച്ച് വിട്ട് ആറുമാസം മെയില്‍ പൂര്‍ത്തിയാകാനിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെുപ്പിനൊപ്പം അവിടെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെങ്കിലും നിലവിലെ അതിര്‍ത്തിയിലെ സുരക്ഷയാണ് ഉയര്‍ന്നുവരുന്ന പ്രശ്നം. ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ എതിര്‍ത്തെങ്കിലും മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ അനുകൂലമാണ്. ഹരിയാന മഹാരാഷ്ട്ര നിയമസഭകള്‍ നേരത്തെ പിരിച്ച് വിട്ട് ലോക്സഭക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. ഇന്ന് ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അടിയന്തര ക്യാബിനെറ്റ് യോഗം വിളിച്ചിട്ടുണ്ട്. അടുത്ത ഒക്ടോബറിലാണ് ഇരു സംസ്ഥാനങ്ങളുടെയും കാലാവധി പൂര്‍ത്തിയാക്കുക.

ലോക്സഭാ തെരഞ്ഞെടുപ്പിനായി 543 ലോക്സഭാ മണ്ഡലങ്ങളിലേക്കായി വോട്ടിങ് മെഷീനുകളും വിവി പാറ്റ് യന്ത്രങ്ങളും പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളില്‍ എത്തിക്കും. 2014 ല്‍ മാര്‍ച്ച് അഞ്ചിനാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കപ്പെട്ടത്. 9 ഘട്ടങ്ങളിലായി ഏപ്രില്‍ മെയ് മാസങ്ങളിലായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ്.