LiveTV

Live

National

ചാനല്‍ ചര്‍ച്ചയില്‍ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച വിദ്യാര്‍ഥിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

“നാട്ടില്‍ തൊഴിലൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ തീവ്രവാദിയാണെന്ന് അവര്‍ പറയാന്‍ തുടങ്ങി. എന്നെ തല്ലിച്ചതച്ചു. ബി.ജെ.പി പ്രവര്‍ത്തകരാണവര്‍”

 ചാനല്‍ ചര്‍ച്ചയില്‍ തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ച വിദ്യാര്‍ഥിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

ടി.വി ചാനല്‍ ചര്‍ച്ചക്കിടെ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച വിദ്യാര്‍ഥിക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മാര്‍ച്ച് ആറിനായിരുന്നു സംഭവം. ഭാരത് സമാചാര്‍ എന്ന ഹിന്ദി ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത അദ്‌നാന്‍ എന്ന വിദ്യാര്‍ഥിയാണ് മര്‍ദനത്തിന് ഇരയായത്. തീവ്രവാദിയെന്ന് വിളിച്ചായിരുന്നു മര്‍ദനം.

"ഞാന്‍ നടന്നു പോകുമ്പോള്‍ ഒരു ചാനലിന്റെ ചര്‍ച്ച കണ്ടു. അതില്‍ പങ്കെടുത്തു. നാട്ടില്‍ തൊഴിലൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ തീവ്രവാദിയാണെന്ന് അവര്‍ പറയാന്‍ തുടങ്ങി. എന്നെ മര്‍ദിക്കുകയും ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകരാണവര്‍. ഞാന്‍ മുസ്‍ലിം ആയതിനാലാണ് മര്‍ദിക്കപ്പെട്ടത്. ഞാന്‍ ബി.ജെ.പിക്കെതിരെ സംസാരിച്ചു. അതാണ് എന്നെ മര്‍ദിക്കാനുള്ള കാരണം"- അദ്‌നാന്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് ചാനലിലെ അവതാരകന്‍ നരേന്ദ്ര പ്രതാപ് പറഞ്ഞതിങ്ങനെ- "രാവിലെ 11 മണിക്കായിരുന്നു മുസഫര്‍ നഗറിലെ പരിപാടി. വ്യത്യസ്ത പാര്‍ട്ടി നേതാക്കള്‍ സന്നിഹിതരായിരുന്നു. സ്ഥലത്തെ പ്രാദേശിക പ്രശ്നങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച. ബി.ജെ.പി നേതാക്കള്‍ സംസാരിക്കുമ്പോള്‍ ബഹളമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ മറ്റ് പാര്‍ട്ടിയിലുള്ളവര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ മോദി, മോദി എന്ന് ആര്‍ത്ത് വിളിച്ച് ബഹളം വെച്ചു. സ്ഥലത്തെ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളെ കുറിച്ചാണ് ഞാന്‍ അദ്നാനോട് ചോദിച്ചത്. അദ്നാന്‍ പറഞ്ഞുതുടങ്ങിയപ്പോഴേക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ ഇടപെട്ടു. അവര്‍ അവനെ മര്‍ദിച്ചു. ആര്‍.എല്‍.ഡി അംഗങ്ങള്‍ ഇടപെട്ടാണ് അവനെ രക്ഷിച്ചത്".