LiveTV

Live

National

ബാബരി മസ്ജിദ് തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സജീവ ചര്‍ച്ചയാകും

കരാര്‍ അനുകൂലമായാലും മറിച്ചായാലും മെയില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ അത് പുറത്തുവരുന്നത് ദോഷം ചെയ്‌തേക്കുമെന്നാണ് മുസ്‌ലിം സംഘടനകളുടെ ഭയം.

ബാബരി മസ്ജിദ് തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും സജീവ ചര്‍ച്ചയാകും

ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ നടക്കുന്ന ഇപ്പോഴത്തെ ചര്‍ച്ച വിജയിച്ചാലുമില്ലെങ്കിലും ബാബരി മസ്ജിദ് തര്‍ക്കത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ഒരിക്കല്‍ കൂടി സജീവമാക്കിയേക്കും. ഏപ്രില്‍ രണ്ടാംവാരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ അന്തിമ റിപ്പോര്‍ട്ടും വരുന്നതോടെ അയോധ്യാ വിഷയം രാഷ്ട്രീയ ആയുധമായി മാറിയേക്കുമെന്നാണ് ആശങ്ക.

ബാബരി മസ്ജിദ് തര്‍ക്കത്തില്‍ മുമ്പു നടന്ന എല്ലാ ഒത്തുതീര്‍പ്പ് ശ്രമങ്ങളും എവിടെയുമെത്താതെ അവസാനിച്ചതാണ് ചരിത്രം. അതേസമയം സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന ഇപ്പോഴത്തെ ചര്‍ച്ചയെ ഉടമസ്ഥാവകാശ കേസിലെ പ്രധാന കക്ഷികളായ സുന്നീ വഖഫ് ബോര്‍ഡും നിര്‍മ്മോഹി അഖാരയും പിന്തുണക്കുകയാണ് ചെയ്യുന്നത്. ഒത്തു തീര്‍പ്പ് വിജയിച്ചാല്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘത്തിന് മെയ് 10ഓടെ സുപ്രീംകോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരും.

കരാര്‍ അനുകൂലമായാലും മറിച്ചായാലും മെയില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ അത് പുറത്തുവരുന്നത് ദോഷം ചെയ്‌തേക്കുമെന്നാണ് മുസ്‌ലിം സംഘടനകളുടെ ഭയം. മറുഭാഗത്ത് മുന്‍കാല ചര്‍ച്ചകളില്‍ വി.എച്ച്.പി നിലപാടിനൊപ്പം നിന്ന ശ്രീ ശ്രീ രവി ശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതു കൊണ്ട് ഒത്തുതീര്‍പ്പ് കരാര്‍ അനുകൂലമായിരിക്കുമെന്നും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമുള്ള പ്രതീക്ഷയിലാണ് ഹിന്ദു സംഘടനകള്‍.

ഹിന്ദു മഹാസഭ, രാംലല്ല, മഹന്ത് സുരേഷ് ദാസ് എന്നീ കക്ഷികള്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് ഇതിനകം സുപ്രീകോടതിയെ അറിയിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡിന് വിട്ടുകിട്ടിയ മൂന്നിലൊരു ഭാഗം ഭൂമി മാറ്റി നിര്‍ത്തി ക്ഷേത്രം പണിയാനും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മുസ്‌ലിംകള്‍ക്ക് പള്ളി പണിയാന്‍ ആവശ്യമായ സ്ഥലം വിട്ടു കൊടുക്കാന്‍ തയ്യാറാണെന്നുമാണ് നിര്‍മ്മോഹി അഖാരയുടെ നിലപാട്.

അതേസമയം ഈ ഭൂമി മാത്രമായി ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നും ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ എവിടെയും മസ്ജിദ് പണിയാന്‍ അനുവദിക്കില്ലെന്നുമാണ് വി.എച്ച്.പിയും സംഘ്പരിവാറിലെ തീവ്ര നിലപാടുകാരും ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ എത്രത്തോളം ഫലപ്രദമാകാന്‍ ഇടയുണ്ടെന്ന ചോദ്യമുയരുന്നത്.