LiveTV

Live

National

ബാബരി ഭൂമി തർക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച: സുപ്രീംകോടതി ഉത്തരവ് നാളെ

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30ന് ഉത്തരവ് പറയും.

ബാബരി ഭൂമി തർക്കത്തില്‍ മധ്യസ്ഥ ചര്‍ച്ച: സുപ്രീംകോടതി ഉത്തരവ് നാളെ

ബാബരി മസ്ജിദ് ഭൂമി തർക്കം മധ്യസ്ഥ ചര്‍ച്ചക്ക് വിടുന്നത് സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് നാളെ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ 10.30ന് ഉത്തരവ് പറയും. മധ്യസ്ഥ സംഘത്തിലേക്കുള്ള അംഗങ്ങളെ കഴിഞ്ഞ ദിവസം കക്ഷികള്‍ നിര്‍ദേശിച്ചിരുന്നു.

ബാബരി ഭൂമി തർക്കം മതപരവും വൈകാരികവുമായ വിഷയമായതിനാൽ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം കക്ഷികളുടെ വാദം സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. ഈ മധ്യസ്ഥ നീക്കത്തിന് കോടതി മേല്‍നോട്ടം ഉണ്ടാകും എന്നതിനാല്‍ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്‍ലിം കക്ഷികള്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ ഹിന്ദു പക്ഷത്തെ കക്ഷികള്‍ എതിര്‍ത്തു. രാമന്റെ ജന്മസ്ഥലത്ത് വിട്ടുവീഴ്ച സാധ്യമല്ല. മുസ്‍ലിംകൾക്ക് തർക്കഭൂമിക്ക് പുറത്ത് പള്ളി പണിയാം. ഇതിന് പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ചു നൽകാം എന്നായിരുന്നു രാം ലല്ല വിരാജിന്‍റെ നിലപാട്.

ഉത്തരവിന് മുൻപ് മധ്യസ്ഥതയെപ്പറ്റി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി നോട്ടീസ് ഇറക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. ഇതംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം എല്ലാ കക്ഷികളും മധ്യസ്ഥ സംഘത്തിലേക്ക് പേരുകള്‍ നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ് ഖെഹാർ, മുൻ ജഡ്ജിമാരായ എ.കെ പട്നായിക്, കുര്യൻ ജോസഫ്, ജസ്റ്റിസ് ജി.എസ് സിംഗ്‍വി തുടങ്ങിയവരെയാണ് ഹിന്ദു പക്ഷത്തെ കക്ഷികള്‍ പ്രധാനമായും നിര്‍ദേശിച്ചത്. മുസ്‍ലിം പക്ഷം നിര്‍ദ്ദേശിച്ച പേരുകള്‍ പരസ്യപ്പെടുത്തിയിട്ടില്ല.