LiveTV

Live

National

ദേശസ്നേഹം പ്രസംഗത്തിൽ മാത്രം പോര; മോദിയോട് രാഹുല്‍

നാലര വര്‍ഷം കൊണ്ട് അനില്‍ അംബാനിക്കും വന്‍കിട വ്യവസായികള്‍ക്കും കോടികള്‍ നല്‍കിയ മോദി സാധാരണക്കാരനായി എന്താണ് ചെയ്തത്?

ദേശസ്നേഹം പ്രസംഗത്തിൽ മാത്രം പോര; മോദിയോട് രാഹുല്‍

ദേശസ്നേഹം പ്രസംഗത്തിൽ മാത്രം പോരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നാലര വര്‍ഷം കൊണ്ട് അനില്‍ അംബാനിക്കും വന്‍കിട വ്യവസായികള്‍ക്കും കോടികള്‍ നല്‍കിയ മോദി സാധാരണക്കാരനായി എന്താണ് ചെയ്തത്? നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിലെ മോഗയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം. റഫാല്‍, കര്‍ഷക പ്രശ്നങ്ങള്‍, ജി.എസ്.ടി, നോട്ട് അസാധുവാക്കല്‍ തുടങ്ങിയവയില്‍ ഊന്നിയായിരുന്നു പ്രസംഗം. രാജ്യത്തുടനീളം സഞ്ചരിച്ച് പ്രധാനമന്ത്രി ദേശസ്നേഹത്തെക്കുറിച്ച് പ്രസംഗിക്കുന്നുണ്ട്. എന്നാല്‍ പ്രവൃത്തിയില്‍ ഇല്ലെന്ന് രാഹുല്‍ ആരോപിച്ചു. രാജ്യ സുരക്ഷക്കായി കാവൽ നില്‍ക്കുന്ന ജവാൻമാർക്ക് മോദി എന്താണ് നൽകിയത്? സാധാരണക്കാരന് എന്താണ് ലഭിച്ചതെന്നും രാഹുല്‍ ചോദിച്ചു.

പ്രധാനമന്ത്രിയുടെ റഫാല്‍ കരാറിലെ ഇടപെടലിലൂടെ 30,000 കോടിയാണ് അനില്‍ അംബാനിക്ക് ലഭിച്ചത്. ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടി വന്‍കിട വ്യവസായികള്‍ രാജ്യം വിട്ടപ്പോള്‍ പ്രധാനമന്ത്രി എന്ത് ചെയ്തുവെന്നും രാഹുല്‍ ചോദിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവന് ബാങ്ക് അക്കൗണ്ട് വഴി മിനിമം വരുമാനം ഉറപ്പാക്കുമെന്നും ജി.എസ്.ടി ലളിതമാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. സംസ്ഥാനത്ത് സ്ത്രീകൾക്ക് ബസുകളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ സീറ്റ് സംവരണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങിനോട് നിർദേശിച്ചു. സദസില്‍ നിന്നുള്ള ആവശ്യപ്രകാരമായിരുന്നു രാഹുലിന്റെ നിര്‍ദേശം.