LiveTV

Live

National

ഉത്തര്‍പ്രദേശില്‍ എസ്.പി - ബി.എസ്.പി സഖ്യത്തിന്‍റെ ഭാഗമാകാന്‍ വീണ്ടും കോണ്‍ഗ്രസ് നീക്കം

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നീക്കം.

ഉത്തര്‍പ്രദേശില്‍ എസ്.പി - ബി.എസ്.പി സഖ്യത്തിന്‍റെ ഭാഗമാകാന്‍ വീണ്ടും കോണ്‍ഗ്രസ് നീക്കം

ഉത്തര്‍പ്രദേശില്‍ എസ്.പി - ബി.എസ്.പി സഖ്യത്തിന്‍റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് വീണ്ടും ശ്രമം തുടങ്ങി. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നീക്കം. എന്നാല്‍ ഒഴിച്ചിട്ട രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസുമായി സഖ്യമുള്ളൂ എന്നാണ് എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം.

എസ്.പി - ബി.എസ്.പി സഖ്യ പ്രഖ്യാപനത്തോടെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും യു.പിയുടെ ചുമതലക്കാരായി വന്നതോടെ മത്സരം ശക്തമാകുമെന്ന സൂചനയും വന്നിരുന്നു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് വ്യോമാക്രമണത്തിനും ശേഷം ദേശസുരക്ഷ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി. ഇതിനിടെ ഒറ്റക്ക് മത്സരിക്കുന്നത് ബി.ജെ.പിക്ക് ഗുണമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് എസ്.പി - ബി.എസ്.പി സഖ്യത്തിന്‍റെ ഭാഗമാകാനുള്ള നീക്കം.

അമേഠി, റായ്ബറേലി മണ്ഡലങ്ങള്‍ക്ക് പുറമെ 13 സീറ്റുകളില്‍ സഖ്യത്തിന്‍റെ പിന്തുണയോടെ മത്സരിക്കാനാണ് ശ്രമം. എസ്.പി ഏഴും ബി.എസ്.പി എട്ടും സീറ്റുകള്‍ ഇതിനായി വിട്ട് നല്‍കുകയെന്നതാണ് ഫോര്‍മുല. എന്നാല്‍ രണ്ട് സീറ്റുകളില്‍ മാത്രം കോണ്‍ഗ്രസുമായി സഹകരണമെന്ന നിലപാടാണ് ഇന്നും എസ്.പി നേതാവ് അഖിലേഷ് യാദവ് ആവര്‍ത്തിച്ചത്. സഖ്യ നീക്കം പരാജയപ്പെട്ടാല്‍ 40 സീറ്റുകളില്‍ മത്സരിക്കാനും ശേഷിക്കുന്നവയില്‍ സഖ്യത്തിന് പിന്തുണ നല്‍കാനുമാണ് കോണ്‍ഗ്രസ് ആലോചന. കിഴക്കന്‍ യു.പിയിലെ 27 സീറ്റുകളിലും പടിഞ്ഞാറന്‍ യു.പിയിലെ 13 സീറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കും.