LiveTV

Live

National

റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ മോഷണം പോയതായി എ.ജി 

റഫാല്‍ കേസില്‍ വാദം കേള്‍ക്കുന്നത് കോടതി ഈ മാസം പതിനാലിലേക്ക് മാറ്റി

റഫാല്‍ കേസിലെ സുപ്രധാന രേഖകള്‍ മോഷണം പോയതായി എ.ജി 

റഫാല്‍ ഇടപാടിന്‍റെ സുപ്രധാന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. പുനപ്പരിശോധനാ ഹരജികളിലെ വാദങ്ങള്‍ ഈ രേഖകള്‍ അടിസ്ഥാനമാക്കിയായതിനാല്‍ അത് തള്ളണമെന്ന് എ.ജി കോടിതിയില്‍ വാദിച്ചു.

അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് രാജ്യസുരക്ഷ പറഞ്ഞ് മൂടിവക്കുമോ എന്ന് കോടതി തിരിച്ച് ചോദിച്ചു. കേസ് ഈ മാസം 14ലേക്ക് മാറ്റി. റഫാല്‍ ഇടപാട് അഴിമതി കേസില്‍ അന്വേഷണം തള്ളിയ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി ഇന്ന് വാദം കേട്ടത്.

സര്‍ക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു കോടതിയുടെ മിക്ക ഇടപെടലും ചോദ്യങ്ങളും. ദി ഹിന്ദു, കാരവന്‍, എ.എന്‍.ഐ തുടങ്ങി വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ട്ച്ചതാണ്. ഒദ്യോഗിക രഹസ്യ നിയമത്തിന്‍റെ ലംഘനമാണിത്. ഇവയാണ് കോടതിയില്‍ വച്ചിരിക്കുന്നത്. ഈ മാധ്യമങ്ങളും പുറമെ ഹര്‍ജിക്കാരും വിചാരണ നേരിടണമെന്ന് എ.ജി വാദിച്ചു.

ഹര്‍ജികള്‍ തള്ളണം. പ്രതിരോധ കരാര്‍ രേഖകള്‍ രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്നും അവ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. എന്നാല്‍ അഴിമതി പോലെ ഇതില്‍ ഗുരുതര കുറ്റം നടന്നെങ്കില്‍ രാജ്യ സുരക്ഷ പറഞ്ഞ് അതിനെ മൂടിവയ്ക്കുമോയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം.

പുനപരിശോധന ഹർജിയിൽ അന്വേഷണ ആവശ്യം ഉന്നയിക്കപ്പെടുമ്പോൾ ദേശീയ സുരക്ഷ എന്ന വിഷയം ഉയരുന്നില്ല. മോഷ്ടിച്ച രേഖകൾ പോലും പ്രസക്തമെങ്കിൽ പരിഗണിക്കാമെന്ന് കോടതി നിരവധി തവണ പറഞ്ഞിട്ടുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസും ഇതേ നിലപാടെടുത്തു.

ഈ രേഖ പരിശോധിക്കാനേ പാടില്ല എന്ന വാദം നിയമപരമല്ലന്ന് ജസ്റ്റിസ് എസ്.കെ കൌളും ചൂണ്ടിക്കാട്ടി. 2ജി കേസിൽ രേഖകൾ തനിക്ക് തന്നത് അഴിമതിയെ എതിർക്കുന്ന ഉദ്യോഗസ്ഥനാണണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിതെന്നും ഹരജിക്കാരനായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

വിഷയത്തില്‍ പ്രതിരോധ മന്ത്രാലയത്തോട് സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച കോടതി ഈമാസം 14 ലേക്ക് കേസ് മാറ്റി.