LiveTV

Live

National

‘രാജ്യസ്നേഹത്തിന്‍റെ പാഠം ഇവിടെ വേണ്ട’ കേന്ദ്ര മന്ത്രിയോട് മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാല്‍

താനൊരു സൈനികന്റെ മകനാണെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട്, കന്‍വാല്‍ തന്റെ ചോദ്യം പലതവണ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടും ഗോയല്‍ അതിനനുവദിച്ചില്ല. ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ കേന്ദ്ര മന്ത്രി...

‘രാജ്യസ്നേഹത്തിന്‍റെ പാഠം ഇവിടെ വേണ്ട’ കേന്ദ്ര മന്ത്രിയോട് മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാല്‍

ബലാകോട്ട് ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ദേശീയതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന്, അതേ നാണയത്തില്‍ മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാല്‍. രാജ്യസ്നേഹത്തിന്‍റെയും ദേശീയതയുടെയും പാഠങ്ങള്‍ ഇവിടെ വേണ്ടെന്നായിരുന്നു കന്‍വാലിന്റെ മറുപടി.

ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ കേന്ദ്ര മന്ത്രിയുമായി സംവദിക്കുകയായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാഹുല്‍ കന്‍വാല്‍.‌ ജയ്ശെ മുഹമ്മദ് ക്യാമ്പുകളിലല്ല, ലക്ഷ്യം മാറി കാട്ടിലാണ് ഇന്ത്യന്‍ സേന ആക്രമണം നടത്തിയതെന്ന ദേശീയ മാധ്യമങ്ങളുടെ വാര്‍ത്തകളെ കുറിച്ചായിരുന്നു കന്‍വാലിന്റെ ചോദ്യം. എന്നാല്‍ ഇങ്ങനെയുള്ള ചോദ്യങ്ങളിലൂടെ ഇന്ത്യന്‍ സേനയെ അവിശ്വസിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പക്ഷം. ഇത്തരം ചിന്ത പോലും ശരിയല്ലെന്നും നാണക്കേടാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

താനൊരു സൈനികന്റെ മകനാണെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട്, കന്‍വാല്‍ തന്റെ ചോദ്യം പലതവണ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടും ഗോയല്‍ അതിനനുവദിച്ചില്ല. ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ കേന്ദ്ര മന്ത്രി, രാജ്യത്തിന്റെ ഐക്യവും സമ്പൂര്‍ണതയും കാത്തുസൂക്ഷിക്കാനാണ് സൈന്യം ആക്രമണം നടത്തിയതെന്നും പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ 'എനിക്കും ഇവിടെയിരിക്കുന്ന മറ്റാര്‍ക്കും താങ്കളില്‍ നിന്നോ മറ്റാരില്‍ നിന്നോ രാജ്യസ്നേഹത്തിന്‍റെയും ദേശീയതയുടെയും പാഠങ്ങള്‍ വേണ്ടെന്ന്' കന്‍വാല്‍ തിരിച്ചടിച്ചു. നിറഞ്ഞ കരഘോഷത്തോടെയായിരുന്നു കന്‍വാലിന്റെ വാക്കുകള്‍ സദസ്സ് സ്വീകരിച്ചത്.

കന്‍വാലിനെ പ്രശംസിച്ച് നിരവധി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്തിനാണ് നേരായ ഒരു ചോദ്യത്തെ രാജ്യദ്രോഹപരമായി കാണുന്നതെന്ന് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പലരും ട്വീറ്റ് ചെയ്തു. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.