LiveTV

Live

National

ബാബരി കേസ്; മധ്യസ്ഥരുടെ പേരുകള്‍ കക്ഷികള്‍ സമര്‍പ്പിച്ചു

പൊതുജനങ്ങൾക്ക് നോട്ടീസ് നൽകാൻ വിസമ്മതിച്ച കോടതി മധ്യസ്ഥ ശ്രമം സംബന്ധിച്ചു ഉത്തരവ് ഇറക്കുമെന്ന് വ്യക്തമാക്കി

ബാബരി കേസ്; മധ്യസ്ഥരുടെ പേരുകള്‍ കക്ഷികള്‍ സമര്‍പ്പിച്ചു

ബാബരി ഭൂമി തർക്കം പരിഹരിക്കാന്‍ മധ്യസ്ഥത നിൽക്കേണ്ടവരുടെ പേരുകൾ കക്ഷികൾ സമർപ്പിച്ചു. മുൻ ജഡ്ജിമാരുടെ പേരുകളാണ് ഹിന്ദു മഹാസഭയും നിർമോഹി അഖാഡയും സമർപ്പിച്ചത്. മുസ്‍ലിം പക്ഷം ഉടന്‍ പേരുകള്‍ നല്‍കും. കോടതി നിര്‍ദേശ പ്രകാരമാണ് കക്ഷികള്‍ പേരുകള്‍ നല്‍കിയത്.

നേരത്തെ, ബാബരി ഭൂമി തർക്കത്തില്‍ മധ്യസ്ഥതക്കുള്ള സാധ്യത കോടതി ആരാഞ്ഞിരുന്നു. ഇന്ന് ഹരജി പരിഗണിച്ചപ്പോൾ മധ്യസ്ഥ സംഘത്തിൽ ആരൊക്കെ വേണമെന്ന് നിർദ്ദേശിക്കാൻ കക്ഷികൾക്ക് കോടതി ഇന്ന് വൈകുന്നേരം വരെ സമയം അനുവദിക്കുകയുണ്ടായി. മധ്യസ്ഥ സംഘത്തിലേക്ക് മുൻ ജഡ്ജിമാരുടെ പേരുകളാണ് ഇരുകക്ഷികളും നിർദേശിച്ചത്.

മുൻ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.എസ് ഖേഹാർ, മുൻ സുപ്രീം കോടതി ജഡ്ജി എ.കെ പട്നായിക് എന്നിവരുടെ പേരുകൾ ഹിന്ദു മഹാസഭ നിർദേശിച്ചു.

മുൻ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് എ.കെ പട്നായിക്, ജസ്റ്റിസ് ജി.എസ് സിംഗ്‌വി എന്നിവരുടെ പേരുകൾ നിർമോഹി അഖാഡയും നൽകി. മുസ്‍ലിം കക്ഷികൾ ഉടൻ പേരുകൾ നൽകും.

രാവിലെ വാദം നടന്നപ്പോൾ ഹിന്ദു മഹാസഭയും ഉത്തർപ്രദേശ് സർക്കാരും മധ്യസ്ഥ ശ്രമത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മധ്യസ്ഥതയെ അനുകൂലിച്ച മുസ്‍ലിം കക്ഷികൾ, എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യമില്ലെന്ന നിലപാട് എടുത്തു.

പൊതുജനങ്ങൾക്ക് നോട്ടീസ് നൽകാൻ വിസമ്മതിച്ച കോടതി മധ്യസ്ഥ ശ്രമം സംബന്ധിച്ചു ഉത്തരവ് ഇറക്കുമെന്ന് വ്യക്തമാക്കി. ചരിത്രത്തെ ആർക്കും റദ്ദാക്കാൻ കഴിയില്ല. തർക്കം എങ്ങനെ പരിഹരിക്കാം എന്നത് മാത്രമാണ് കോടതി നോക്കുന്നത് എന്നും ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.

മധ്യസ്ഥ ചർച്ച നല്ലതാണെന്ന് സമ്മതിച്ചെങ്കിലും സാമുദായിക വശമുള്ള ബാബരി കേസിൽ അതിന്റെ ഫലപ്രാപ്തിയെപ്പറ്റി അഞ്ചംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു.