‘വ്യോമസേന എണ്ണിയില്ല, പക്ഷേ അമിത്ഷാ എണ്ണിയിട്ടുണ്ട്’ വീണ്ടും തലക്കെട്ടിലൂടെ വിമര്‍ശവുമായി ടെലഗ്രാഫ്
മുമ്പും പലതവണ ഇത്തരം വിമര്‍ശനാത്മകമായ തലക്കെട്ടുകള്‍ ടെലഗ്രാഫില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെലഗ്രാഫിന്റെ തലക്കെട്ടുകൾക്ക് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിനെയും സംഘ്പരിവാറിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാറുണ്ട് ദ ടെലഗ്രാഫ് പത്രം. കൗതുകകരമായ തലക്കെട്ടുകളിലൂടെയാണ് പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെടുക. ചെറിയ വാക്കുകളില്‍ പലതും പറയാതെ പറയും ടെലഗ്രാഫ്. ഇത്തവണ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷാക്കെതിരെയാണ് ടെലഗ്രാഫിന്റെ വിമര്‍ശം.
ബലാക്കോട്ട് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ആക്രമണത്തിലൂടെ വ്യോമസേന ലക്ഷ്യമിട്ട കാര്യങ്ങള്‍ നിറവേറിയെന്നായിരുന്നു ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ വ്യക്തമാക്കിയത്. അതേസമയം, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്കെടുക്കുന്നത് വ്യോമസേനയുടെ ചുമതലയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയവും ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബലാക്കോട്ട് ആക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ബി.ജെ.പി വക്താവ് അമിത്ഷായുടെ പ്രസ്താവന. ഇതിനെ പരിഹസിച്ചാണ് ടെലഗ്രാഫിന്റെ തലക്കെട്ട്. മൃതദേഹങ്ങള്‍ വ്യോമസേന എണ്ണിയില്ലെന്നും പക്ഷേ ജനറല്‍ ഷാ എണ്ണിയിട്ടുണ്ടെന്നും പറഞ്ഞ ടെലഗ്രാഫ്, 1,2,3 എന്നിങ്ങനെ 250 വരെയുള്ള അക്കങ്ങളും തലക്കെട്ടിനോടൊപ്പം നല്‍കിയിട്ടുണ്ട്.
മുമ്പും പലതവണ ഇത്തരം വിമര്‍ശനാത്മകമായ തലക്കെട്ടുകള്‍ ടെലഗ്രാഫില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടെലഗ്രാഫിന്റെ തലക്കെട്ടുകൾക്ക് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.