LiveTV

Live

National

സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം: ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും

മോദി സര്‍ക്കാരിന്റെ നാളെ നടക്കുന്ന അവസാന മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് ആയില്ലെങ്കില്‍ ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ ജോലി സംവരണത്തിന് വലിയ തിരിച്ചടിയാകും

സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം: ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും

സര്‍വകലാശാല അധ്യാപക നിയമനങ്ങളില്‍ സംവരണം ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന സൂചന നല്‍കി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. മോദി സര്‍ക്കാരിന്റെ നാളെ നടക്കുന്ന അവസാന മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിന്‍സ് ആയില്ലെങ്കില്‍ ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ ജോലി സംവരണത്തിന് വലിയ തിരിച്ചടിയാകും. അധ്യാപക നിയമനത്തിലെ സംവരണത്തിന് പഠന വകുപ്പുകള്‍ യൂണിറ്റായി പരിഗണിക്കണമെന്ന സുപ്രീംകോടതി വിധിയോടെയാണ് സര്‍വകലാശാലയിലെ നിയമനം പ്രതിസന്ധിയിലായത്.

അലഹബാദ് ഹൈകോടതിയാണ് കോളജുകളിലെയും സര്‍വകലാശാലകളിലെയും അധ്യാപക നിയമനത്തിന് പഠന വകുപ്പുകളെ ഒറ്റ യൂണിറ്റായി പരിഗണിച്ച് സംവരണം നടപ്പാക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പായാല്‍ സംവരണ വിഭാഗങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകും. നേരത്തെ സര്‍വകലാശാലകളിലെ മൊത്തം അധ്യാപക തസ്തികകള്‍ അടിസ്ഥാനപെടുത്തിയായിരുന്നു സംവരണം നിശ്ചയിച്ചിരുന്നത്. ഇതില്‍ നിന്ന് മാറി ഡിപാര്‍ട്ടുമെന്റുകള്‍ യൂണിറ്റായി പരിഗണിച്ചാല്‍ ഓരോ തസ്തിക മാത്രം ഉള്ളിടങ്ങളില്‍ സംവരണം നല്‍കേണ്ടതില്ല. ഇത് വലിയ തോതിലുള്ള സംവരണ ചോര്‍ച്ചക്കിടയാക്കും. ഈ ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ദലിത്, ന്യൂനപക്ഷ സംഘടനകളും പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതിയില്‍ ഇത് ചോദ്യംചെയ്തെങ്കിലും ഹൈകോടതി ഉത്തരവ് കോടതി ശരിവെച്ചു. പുനഃപരിശോധന ഹരജിയും സുപ്രീംകോടതി തള്ളി. സര്‍വകലാശാലകളെ ഒറ്റ യൂണിറ്റായി പരിഗണിക്കാന്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ നേരത്തെ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. ‌ പക്ഷേ തുടര്‍നടപടികളുണ്ടായില്ല.

ഇതുവരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തതില്‍ വിവിധ സംഘടനകള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. നാളെ നടക്കുന്ന അവസാന മന്ത്രിസഭാ യോഗത്തിലും ഓര്‍ഡിനന്‍സായില്ലെങ്കില്‍ എസ്‍.സി, എസ്.ടി. ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താന്‍ പ്രതിപക്ഷത്തിന് ഇത് ആയുധമാകും.