LiveTV

Live

National

തമിഴ്നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്- ഇടത് സീറ്റ് വിഭജനം പൂര്‍ത്തിയായി

ഡി.എം.കെ 20 സീറ്റുകളില്‍ മത്സരിക്കും. കോൺഗ്രസിന് പുതുച്ചേരി ഉൾപ്പെടെ 10 സീറ്റുകളാണ് നല്‍കിയത്.

തമിഴ്നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്- ഇടത് സീറ്റ് വിഭജനം പൂര്‍ത്തിയായി

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഡി.എം.കെയില്‍ പൂര്‍ത്തിയായി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സഖ്യകക്ഷികള്‍ക്ക് സീറ്റുകള്‍ തീരുമാനിച്ചത്. ഡി.എം.കെ 20 സീറ്റുകളില്‍ മത്സരിക്കും.

ഡി.എം.കെ സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസിന് പുതുച്ചേരി ഉൾപ്പെടെ 10 സീറ്റുകളാണ് നല്‍കിയത്. സി.പി.ഐ, വി.സി.കെ, സി.പി.എം എന്നിവർക്ക് രണ്ട് സീറ്റുകൾ വീതം. കൊങ്കുനാട് ദേശീയ മക്കള്‍ കക്ഷി, ഐ.ജെ.കെ, മുസ്‍ലിം ലീഗ്, എം.ഡി.എം.കെ എന്നിവർക്ക് ഓരോ സീറ്റുകൾ വീതവും നല്‍കി. ഓരോ സീറ്റുകള്‍ വീതം ലഭിച്ച പാര്‍ട്ടികള്‍, ഡി.എം.കെയുടെ ചിഹ്നമായ ഉദയസൂര്യനില്‍ തന്നെ മത്സരിക്കണമെന്ന ഉടമ്പടിയും ഉണ്ട്. ഫലത്തില്‍ 24 സീറ്റുകളില്‍ ഡി.എം.കെ ചിഹ്നമാവും ഉണ്ടാവുക. എം.ഡി.എം.കെക്ക് ഒരു രാജ്യസഭ സീറ്റ് കൂടി നല്‍കും. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് ഡി.എം.കെയുമായി വേദി പങ്കിടാതിരുന്ന സി.പി.എം, ഇത്തവണ സഖ്യത്തിന്റെ ഭാഗമായി. ഉപതെരഞ്ഞെടുപ്പുകളിലും സഖ്യം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അണ്ണാഡിഎംകെയില്‍ ഇനിയും സീറ്റ് വിഭജന ചര്‍ച്ച തുടരുകയാണ്. വിജയകാന്തിന്റെ ഡി.എം.ഡി.കെയുമായി ഇനിയും ധാരണയായിട്ടില്ല. ഇന്ന് ഡി.എം.ഡി.കെ യോഗം ചേര്‍ന്നെങ്കിലും പ്രഖ്യാപനം മാറ്റിവച്ചു. തമിഴ് മാനില കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവില്‍ പി.എം.കെക്ക് ഏഴ്, ബി.ജെ.പിക്ക് അഞ്ച്, എന്‍.ആര്‍ കോണ്‍ഗ്രസ്, പുതിയ തമിഴകം, ന്യൂ ജസ്റ്റിസ് പാര്‍ട്ടി എന്നിവയ്ക്ക് ഓരോ സീറ്റുകള്‍ വീതവുമാണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ട സീറ്റുകള്‍.