LiveTV

Live

National

‘മൂത്രം ശേഖരിക്കൂ, യൂറിയ ഇറക്കുമതി അവസാനിപ്പിക്കൂ!’ നിതിന്‍ ഗഡ്ക്കരി

അതേസമയം തന്റെ ഗംഭീര ആശയങ്ങളോട് മറ്റുള്ളവര്‍ സഹകരിക്കുന്നില്ലെന്ന പരാതിയും ഗഡ്ക്കരി ഉന്നയിച്ചു

‘മൂത്രം ശേഖരിക്കൂ, യൂറിയ ഇറക്കുമതി അവസാനിപ്പിക്കൂ!’ നിതിന്‍ ഗഡ്ക്കരി

മൂത്രം ശേഖരിച്ച് യൂറിയക്ക് പകരം വളമായി ഉപയോഗിച്ചാല്‍ രാജ്യത്ത് യൂറിയ ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി. വിസര്‍ജ്ജങ്ങളെ എങ്ങനെ ജൈവ വളമാക്കി മാറ്റാമെന്ന് സംസാരിക്കുന്നതിനിടെയായിരുന്നു ഗഡ്ക്കരിയുടെ പരാമര്‍ശങ്ങള്‍. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച ഇന്നൊവേഷന്‍ പുരസ്‌ക്കാരചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗഡ്ക്കരി.

'വിമാനത്താവളങ്ങളില്‍ മൂത്രം ശേഖരിക്കുന്നത് സാധ്യമാണോയെന്ന് ഞാന്‍ ആരാഞ്ഞിരുന്നു. നമ്മള്‍ യൂറിയ ഇറക്കുമതി ചെയ്യുന്നു. പക്ഷേ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിച്ച് ഉപയോഗിക്കാനായാല്‍ നമുക്ക് യൂറിയ ഇറക്കുമതി ചെയ്യുന്നത് തന്നെ അവസാനിപ്പിക്കാനാകും. വലിയ സാധ്യതയാണത്. യാതൊന്നും പാഴായിപോകുന്നില്ലെന്ന് ഉറപ്പിക്കാനുമാകും' എന്നായിരുന്നു ഗഡ്കരി പറഞ്ഞത്.

അതേസമയം തന്റെ ഗംഭീര ആശയങ്ങളോട് മറ്റുള്ളവര്‍ സഹകരിക്കുന്നില്ലെന്ന പരാതിയും ഗഡ്ക്കരി പ്രസംഗത്തിനിടെ ഉന്നയിച്ചു. മുനിസിപ്പല്‍ കോര്‍പറേഷന്‍ പോലും സഹകരിക്കുന്നില്ല. മദംപൊട്ടിയ കാളകളെ പോലെ മുഖത്തു നോക്കാതെ നടക്കാനാണ് സര്‍ക്കാര്‍ പലപ്പോഴും ജനങ്ങളെ പഠിപ്പിക്കുന്നതെന്നും ഗഡ്ക്കരി പരാതിപ്പെട്ടു.

നേരത്തെയും സമാനമായ ആശയങ്ങള്‍ പങ്കുവെച്ചിട്ടുള്ളയാളാണ് ഗഡ്ക്കരി. സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ തോട്ടത്തിലും മറ്റും വളമായി ഉപയോഗിക്കാറുണ്ടെന്നും ഗഡ്ക്കരി നേരത്തെ പറഞ്ഞിട്ടുണ്ട്. മുടിയില്‍ നിന്നും അമിനോ ആസിഡ് വേര്‍തിരിച്ചെടുത്ത് വളമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും ഗഡ്ക്കരി പറഞ്ഞിരുന്നു. നാഗ്പൂരില്‍ ആവശ്യത്തിന് മുടി ലഭിക്കാത്തതിനാല്‍ തിരുപ്പതിയില്‍ നിന്നും പ്രതിമാസം അഞ്ച് ട്രെക്ക് മുടി കൊണ്ടുവരുന്നുണ്ടെന്നും ഇത് തന്റെ കൃഷിയിടത്തിലെ വിളവ് 25 ശതമാനം വര്‍ധിപ്പിച്ചെന്നും നിതിന്‍ ഗഡ്ക്കരി അവകാശപ്പെട്ടിരുന്നു.