LiveTV

Live

National

പഠനവൈകല്യത്തെ പരിഹസിച്ച മോദി മാപ്പുപറയണമെന്ന് ആവശ്യം

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഇത്തരം തമാശകള്‍ പറയുന്നത് ഖേദകരമെന്ന് പഠനവൈകല്യ ബാധിതരുടെ സംഘടന.

പഠനവൈകല്യത്തെ പരിഹസിച്ച മോദി മാപ്പുപറയണമെന്ന് ആവശ്യം

'പഠനവൈകല്യ'മെന്ന(Dyslexic) അവസ്ഥയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഭാഗമായി കഴിഞ്ഞദിവസം റൂഖി ഐ.ഐ.ടി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഇത്തരം തമാശകള്‍ പറയുന്നത് ഖേദകരമെന്ന് പഠനവൈകല്യ ബാധിതരുടെ സംഘടന.

പഠനവൈകല്യ(Dyslexic) പ്രശ്‌നം നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള തന്റെ പ്രോജക്ട് അവതരിപ്പിക്കുകയായിരുന്നു ഡെറാഡൂണില്‍നിന്നുള്ള വിദ്യാര്‍ഥിനി. കുട്ടിയുടെ സംസാരം മുറിച്ച് ഇടക്കു കയറിയ മോദി, '40 50 വയസ്സുള്ള കുട്ടികള്‍ക്കും ഇത് ഉപകാരപ്പെടുമോ?' എന്ന് ചോദിച്ചു.

തുടര്‍ന്ന് അദ്ദേഹവും വിദ്യാര്‍ഥികളും ചിരിക്കാന്‍ തുടങ്ങി. പിന്നീട് കുട്ടി സംസാരിച്ച് തുടങ്ങിയപ്പോള്‍ വീണ്ടും മോദി ഇടപെട്ടു. ''അങ്ങനെയാണെങ്കില്‍ അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് വളരെ സന്തോഷമാകും'' എന്നു കൂടി പറഞ്ഞു. ഇതോടെ, രാഹുല്‍ ഗാന്ധിയെ ഉദ്ദേശിച്ചാണ് മോദി ഇതുപറഞ്ഞതെന്ന നിലയില്‍ സാമൂഹമാധ്യമങ്ങളില്‍ വിമര്‍ശമുയര്‍ന്നു. ഇതിന് പിന്നാലെയാണ് നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദ റൈറ്റ്‌സ് ഓഫ് ദ ഡിസേബ്ള്‍ഡ് (എന്‍.പി.ആര്‍.ഡി) പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.

വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിനു പകരം രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാനുള്ള അവസരമായാണ് മോദി ഇതിനെ കണ്ടതെന്നാണ് എന്‍.പി.ആര്‍.ഡിയുടെ വിമര്‍ശം. പഠനവൈകല്യം അനുഭവിക്കുന്നവരെ മോശമായി കാണിക്കുന്ന, തീര്‍ത്തും നിരുത്തരവാദപരമായ നിലപാടാണിതെന്നും പഠനവൈകല്യം നേരിടുന്ന കുട്ടികളോട് ക്ഷമപറയാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.