LiveTV

Live

National

ബാലാകോട്ട് വ്യോമാക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പരാമര്‍ശങ്ങള്‍.

ബാലാകോട്ട് വ്യോമാക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ

ബാലാകോട്ട് വ്യോമാക്രമണത്തില്‍ 250ലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ബി.ജെ.പി കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പരാമര്‍ശിക്കുന്നത്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പരാമര്‍ശങ്ങള്‍. അതേസമയം വ്യോമാക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വ്യോമസേനയില്‍ അവിശ്വാസമില്ലെന്നും എന്നാല്‍ ജനങ്ങളെ കൂടി വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാറിന് കഴിയണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ട്വീറ്റ് ചെയ്തു. വ്യോമാക്രമണത്തെ പ്രധാനമന്ത്രി രാഷ്ട്രീയവത്കരിക്കുകയാണെന്ന് കപില്‍ സിബലും കുറ്റപ്പെടുത്തി.

'ഉറി സംഭവത്തിന് ശേഷം നമ്മള്‍ പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിക്കൊണ്ടാണ് സൈനികരുടെ മരണത്തിന് പകരം വീട്ടിയത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടാകില്ലെന്ന് ഏവരും കരുതി. പക്ഷേ എന്താണ് സംഭവിച്ചത്? മോദിയുടെ സര്‍ക്കാര്‍ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം വ്യോമാക്രമണം നടത്തി 250ലേറെ ഭീകരരെ വകവരുത്തി' എന്നായിരുന്നു അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷാ പറഞ്ഞത്.

ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമമാണ് അമിത്ഷാ നടത്തുന്നതെന്ന വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്തെത്തി.

പ്രധാനമന്ത്രിയോ ഏതെങ്കിലും സര്‍ക്കാര്‍ വക്താക്കളോ ബാലാക്കോട്ട് വ്യോമാക്രമണത്തിലെ മരണസംഖ്യയെക്കുറിച്ച് വ്യക്തമാക്കാതെ തന്നെ ചില മാധ്യമങ്ങള്‍ മരണസംഖ്യവെച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ എസ്.എസ് അലുവാല്യ വിമര്‍ശിച്ചത്. കൂട്ടക്കൊലയല്ല മറിച്ച് ഇത്തരമൊരു അതിര്‍ത്തികടന്നുള്ള ആക്രമണത്തിന് ഇന്ത്യന്‍ സേന പ്രാപ്തമാണെന്ന സന്ദേശമാണ് വ്യോമാക്രമണം കൊണ്ട് ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.