LiveTV

Live

National

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണക്ക് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അനുമതി

കോണ്‍ഗ്രസിന്റെ നാല് സീറ്റിങ് സീറ്റുകളില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചിലും മുര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമുണ്ടാകില്ല

 ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണക്ക് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അനുമതി

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പ് ധാരണക്ക് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ അനുമതി. സിറ്റിങ് സീറ്റുകളില്‍ ഇരുപാര്‍ട്ടികളും പരസ്പരം മത്സരിക്കില്ല. പരമാവധി ബി.ജെ.പി -തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം തീവ്ര ദേശീയതയിലൂടെ രാഷ്ട്രീയനേട്ടത്തിനായാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തി.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് നീക്കി മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റുക, ലോക്സഭയില്‍ സി.പി.എമ്മിന്‍റെയും ഇടത്പക്ഷത്തിന്‍റെയും അംഗബലം വര്‍ധിപ്പിക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസുമായുള്ള ധാരണ. മുര്‍ഷിദാബാദ്, റായ്ഗഞ്ച് എന്നീ സി.പി.എം സീറ്റുകളില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതായിരുന്നു ബംഗാളിലെ ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ രണ്ട് സീറ്റും വിട്ടുകൊടുത്തുകൊ‍ണ്ടുള്ള ധാരണ വേണ്ടെന്ന് കേന്ദ്ര കമ്മിറ്റി നിലപാട് വ്യക്തമാക്കി. ഈ തീരുമാനത്തിന് കോണ്‍ഗ്രസും വഴങ്ങിയതോടെയാണ് ധാരണയിലേക്ക് എത്തിയത്. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകളില്‍ സി.പി.എമ്മും അവകാശവാദം ഉന്നയിക്കില്ല.

മാര്‍ച്ച് എട്ടിന് ചേരുന്ന ബംഗാളിലെ ഇടത് മുന്നണി യോഗമാണ് മറ്റ് സീറ്റുകളിലെ തീരുമാനമെടുക്കുക. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സഖ്യവും അടവുനയങ്ങളും സംബന്ധിച്ച പുരോഗതിയും കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തു. പഠന വൈകല്യമുള്ള കുട്ടികളെ പരിഹസിക്കുന്ന രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ കേന്ദ്ര കമ്മറ്റി വിമര്‍ശിച്ചു. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗിച്ച മഹാരാഷ്ട്ര സെക്രട്ടറി നരാശയ്യ ആദമിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും സി.സി തീരുമാനിച്ചു.