LiveTV

Live

National

കേന്ദ്രത്തെ വിമര്‍ശിച്ച് എഫ്.ബി പോസ്റ്റ്: ബി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് മുട്ടുകുത്തി നിന്ന് മാപ്പപേക്ഷിച്ച് അധ്യാപകന്‍

നൂറുകണക്കിന് വരുന്ന ബി.ജെ.പി, എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രൊഫസറെ തടഞ്ഞുവെച്ച് മാപ്പ് പറയിക്കുകയായിരുന്നു. പ്രൊഫസര്‍ മുട്ടുകുത്തി നിന്ന് മാപ്പപേക്ഷിക്കുന്നതിന്റെ...

കേന്ദ്രത്തെ വിമര്‍ശിച്ച് എഫ്.ബി പോസ്റ്റ്: ബി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് മുട്ടുകുത്തി നിന്ന് മാപ്പപേക്ഷിച്ച് അധ്യാപകന്‍

ഇന്ത്യ- പാകിസ്താന്‍ പ്രശ്നത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ചതിന് അധ്യാപകനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി മാപ്പ് പറയിച്ചു. കര്‍ണാടക വിജയപുരയില്‍ ഡോ. പി.ജി ഹലഗാട്ടി കോളേജ് ഓഫ് എഞ്ചിനീയറിംങ് ആന്റ് ടെക്നോളജിയിലാണ് സംഭവം. സിവില്‍ എ‍ഞ്ചിനീയറിംങ് പ്രൊഫസര്‍ സന്ദീപ് വാതറിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മാപ്പ് പറയിച്ചത്.

ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു പ്രൊഫസര്‍ കേന്ദ്രത്തെ വിമര്‍ശിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യുദ്ധസമാനമായ സാഹചര്യമുണ്ടാക്കിയെന്നായിരുന്നു അധ്യാപകന്റെ വിമര്‍ശം. അതേസമയം തീവ്രത കുറക്കുന്ന തരത്തിലുള്ള സമീപനമാണ് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ നടത്തിയതെന്നും പ്രൊഫസർ അഭിപ്രായപ്പെട്ടിരുന്നു.

ഇതോടെയാണ് അധ്യാപകനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയത്. നൂറുകണക്കിന് വരുന്ന ബി.ജെ.പി, എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പ്രൊഫസറെ തടഞ്ഞുവെച്ച് മാപ്പ് പറയിക്കുകയായിരുന്നു. പ്രൊഫസര്‍ മുട്ടുകുത്തി നിന്ന് മാപ്പപേക്ഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യണമെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍‌ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ഫേസ്ബക് പോസ്റ്റ് നീക്കം ചെയ്തിരുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നുമാണ് വിജയപുരയിലെ മുതിർന്ന പൊലീസ് ഓഫീസർ പ്രകാശ് എൻ അംറിത് പറയുന്നത്. കർണാടക ആഭ്യന്തരമന്ത്രിയും എം.പിയുമായ എം.ബി പാട്ടീലിന്റെ ഉടമസ്ഥതയിലുള്ള ബീജാപുർ ലിംഗായത്ത് ഡവലപ്മെന്റ് എജ്യുക്കേഷൻ സൊസൈറ്റി ആണ് കോളേജ് നടത്തുന്നത്.