LiveTV

Live

National

സി.പി.എം കേന്ദ്രകമ്മറ്റി നാളെയും തുടരും

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ പ്രകടനപത്രികയുടെ കരടും കേന്ദ്ര കമ്മറ്റിയില്‍ തയ്യാറാക്കും.

സി.പി.എം കേന്ദ്രകമ്മറ്റി നാളെയും തുടരും

സി.പി.എം കേന്ദ്ര കമ്മറ്റി യോഗം ഡല്‍ഹിയില്‍ നാളെയും തുടരും. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാകും. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ പ്രകടനപത്രികയുടെ കരടും കേന്ദ്ര കമ്മറ്റിയില്‍ തയ്യാറാക്കും.

പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം അനുസരിച്ച് കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാകില്ലെങ്കിലും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധാരണയാകാമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനം എടുത്തിരുന്നു. ഇതനുസരിച്ച് ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണകളെ പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. എന്നാല്‍ രണ്ട് സീറ്റുകളിലെ ധാരണ സംബന്ധിച്ച് തര്‍ക്കം ഉള്ളതിനാല്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ആയിട്ടില്ല. നിലവില്‍ കോണ്‍ഗ്രസിന് നാലും സി.പി.എമ്മിന് രണ്ടും സീറ്റുകളാണ് ബംഗാളില്‍ ഉള്ളത്.

ഇതില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റുകളായ റായ്ഗഞ്ജും, മൂര്‍ഷിദ്ബാധും ഉള്‍പ്പെടെ 15 മുതല്‍ 22 സീറ്റുകള്‍ വരെ വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സി.പി.എം ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് മേല്‍ക്കെ ഉള്ള മണ്ഡലമാണ് രണ്ടുമെന്നാണ് പാര്‍ട്ടിയുടെ വാദം. എങ്കിലും കേന്ദ്രകമ്മറ്റി യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനം പറയാമെന്നാണ് ബംഗാള്‍ ഘടകം കോണ്‍ഗ്രസ്സിനെ അറിയിച്ചിരിക്കുന്നത്.

ബി.ജെ.പിയെ തോല്‍പ്പിക്കുക. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക. കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ ബദല്‍ സര്‍ക്കാര്‍ വരുമെന്ന് ഉറപ്പു വരുത്തുക എന്നതാണ് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് നയം. ഇതനുസരിച്ചുള്ള അടവ് നയമാണ് ബംഗാളിലും സ്വീകരിക്കുകയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. ധാരണകളെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്‍പ് ചര്‍ച്ച നടത്തിയിരുന്നു. അതേസമയം ലോകസഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ പ്രകടനപത്രികയുടെ കരടിനും രണ്ടു ദിവസത്തെ കേന്ദ്ര കമ്മറ്റിയോഗം രൂപം നല്‍കും.