LiveTV

Live

National

അഭിനന്ദന്‍ വര്‍ധമാന് നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്

അഭിനന്ദനെ കൂടുതല്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കും. ഡി ബ്രീഫിങ് അടക്കമുള്ള നടപടികള്‍..

അഭിനന്ദന്‍ വര്‍ധമാന് നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്

പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. അഭിനന്ദനെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കശ്മീരിലെ കുപ്‍വാരയില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും ഒരു പ്രദേശവാസിക്കും ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായിരുന്നു.

പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ അഭിനന്ദന്‍ വര്‍ധമാനെ വ്യോമസേനയുടെ സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റിലാണ് ആദ്യം പരിശോധനക്ക് വിധേയമാക്കിയത്. പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റി. അഭിനന്ദന് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ടെന്ന് എം.ആര്‍.ഐ സ്കാനില്‍ വ്യക്തമായി. ഈ ക്ഷതം ഏറ്റത് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് പോകുന്ന വേളയിലായിരിക്കാമെന്നാണ് നിഗമനം. അതേസമയം പാകിസ്താനില്‍ പ്രദേശവാസികളുടെ മര്‍ദനത്തിനിരയായതിനെത്തുടര്‍ന്ന് വാരിയെല്ലിന് പരിക്കേറ്റതായും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

അഭിനന്ദനെ കൂടുതല്‍ പരിശോധനക്കും ചികിത്സക്കും വിധേയമാക്കും. ഡി ബ്രീഫിങ് അടക്കമുള്ള നടപടികള്‍ അതിന് ശേഷമായിരിക്കും. മൂന്ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കശ്മീരിലെ കുപ്‍വാര ജില്ലയിലെ ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടല്‍ അവസാനിച്ചു. രണ്ട് ഭീകരരെ വധിക്കാനായെങ്കിലും പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഭീകരരില്‍ ഒരാള്‍ പാകിസ്താനിയും ഒരാള്‍ കശ്മീര്‍ സ്വദേശിയുമാണെന്നാണ് സൂചന.

ഏറ്റുമുട്ടലില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാരും രണ്ട് ജമ്മുകശ്മീര്‍ പൊലീസുദ്യോഗസ്ഥരും ഒരു പ്രദേശവാസിയുമടക്കം ആറ് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജനവാസം കൂടിയതും പ്രദേശത്തിന്‍റെ പ്രത്യേകതയുമാണ് ഏറ്റുമുട്ടല്‍ അറുപത് മണിക്കൂറിലധികം നീളാന്‍ ഇടയാക്കിയതെന്ന് കശ്മീര്‍ റേഞ്ച് ഐ.ജി പറഞ്ഞു. ‍