LiveTV

Live

National

പാക് ഷെല്ലാക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു 

ആക്രമണത്തില്‍ ഒമ്പത് മാസം പ്രായമായ ഷബ്‌നം, അഞ്ച് വയസുള്ള ഫസല്‍, ഇവരുടെ മാതാവ് റുബാന എന്നിവരാണ് കൊല്ലപ്പെട്ടത്.

പാക് ഷെല്ലാക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു 

സമാധാന ശ്രമങ്ങള്‍ക്കിടയിലും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ കുപ്‌വാരയില്‍ സുരക്ഷാസേന ഭീകരരുമായി നടത്തിയ ഏറ്റുമുട്ടല്‍ അവസാനിച്ചു.

വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് കൈമാറിയതെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോഴും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതിയിലാണ് ജനം. ഇതിനിടയില്‍ കഴിഞ്ഞ രാത്രി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചിലെ സലോത്രി ഗ്രാമത്തില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ ഒമ്പത് മാസം പ്രായമായ ഷബ്‌നം, അഞ്ച് വയസുള്ള ഫസല്‍, ഇവരുടെ മാതാവ് റുബാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവ് മുഹമ്മദ് യുനിസിന് പരിക്കുണ്ട്.

ഷെല്ലുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയിലും ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. സൈനിക പരിശോധനത്തിടെ ഇന്നലെ 6 മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നു. രണ്ട് ഭീകരരെ വധിക്കാന്‍ സൈന്യത്തിനായി. ഒരു ഗ്രാമീണനും രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാരും പൊലീസും അടക്കം അഞ്ച് പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുണ്ടെന്നും അത് തുടരുമെന്നും സൈനിക വ്യത്തങ്ങള്‍ വ്യക്തമാക്കി.