LiveTV

Live

National

‘മോദി വിരുദ്ധര്‍ ഇപ്പോള്‍ ഇന്ത്യയേയും വെറുത്തു തുടങ്ങിയിരിക്കുന്നു’ നരേന്ദ്രമോദി

‘മോദി വിരോധത്താല്‍ നയിക്കപ്പെടുന്ന ചില പാര്‍ട്ടികള്‍ ഇന്ത്യയെ തന്നെ വെറുക്കാന്‍ ആരംഭിച്ചിരിക്കുന്നു. അവര്‍ സൈന്യത്തെ സംശയിക്കുന്നതില്‍ അത്ഭുതമില്ല...

‘മോദി വിരുദ്ധര്‍ ഇപ്പോള്‍ ഇന്ത്യയേയും വെറുത്തു തുടങ്ങിയിരിക്കുന്നു’ നരേന്ദ്രമോദി

പ്രതിപക്ഷ പാര്‍ട്ടികളുടെ പല പ്രസ്താവനകളും പാകിസ്താനെ സഹായിക്കുന്നതും ഇന്ത്യയെ ദ്രോഹിക്കുന്നതുമാണെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. മോദിവിരോധത്താല്‍ നയിക്കപ്പെടുന്ന ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ത്യയെ തന്നെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. കന്യാകുമാരിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: മോദി പാകിസ്താന് നല്‍കിയ മുന്നറിയിപ്പാണ് അഭിനന്ദന്റെ മോചനം സാധ്യമാക്കിയതെന്ന് യെദിയൂരപ്പ

പുല്‍വാമ ഭീകരാക്രമണത്തേയും ബാലാകോട്ടില്‍ നടത്തിയ തിരിച്ചടിയേയും രാഷ്ട്രീയമായി ബി.ജെ.പി മുതലെടുക്കുന്നുവെന്ന് 21 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടത്തിയ വിമര്‍ശനം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇടുങ്ങിയ രാഷ്ട്രീയ മുതലെടുപ്പിനായി രാജ്യസുരക്ഷയെ ഉപയോഗിക്കരുതെന്നും പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷപാര്‍ട്ടികളേയും നേതാക്കളേയും പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ വിമര്‍ശം. ''പാകിസ്താന്‍ പാര്‍ലമെന്റിലും പാകിസ്താന്‍ റേഡിയോയിലും അവര്‍ സന്തോഷത്തോടെ എടുത്ത് പറയുന്നത് ഇതേ ആളുകളുടെ വാക്കുകളാണ്. നമ്മുടെ സൈന്യത്തെ പിന്തുണക്കുകയാണോ അതോ സംശയിക്കുകയാണോ ഇവര്‍ ചെയ്യുന്നത്? സൈന്യത്തെയാണോ നമ്മുടെ നാട്ടിലെ തന്നെ ഭീകരവാദത്തെയാണോ അവര്‍ പിന്തുണക്കുന്നത്?' എന്നും മോദി ചോദിച്ചു.

'മോദി വിരോധത്താല്‍ നയിക്കപ്പെടുന്ന ചില പാര്‍ട്ടികള്‍ ഇന്ത്യയെ തന്നെ വെറുക്കാന്‍ ആരംഭിച്ചിരിക്കുന്നു. അവര്‍ സൈന്യത്തെ സംശയിക്കുന്നതില്‍ അത്ഭുതമില്ല. ലോകം തന്നെ ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികളെ പിന്തുണക്കുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രം എതിര്‍ക്കുകയാണ്' മോദി പറഞ്ഞു.

മോദി വരും പോകും, പക്ഷേ രാജ്യമാണ് പ്രധാനം. നമ്മുടെ അഭിമാനമായ അഭിനന്ദന്‍ തമിഴ്‌നാട്ടുകാരനായതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാമെന്നും മോദി പറഞ്ഞു. മുംബൈയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയ്യാറായ വ്യോമസേനയെ യു.പി.എ സര്‍ക്കാര്‍ തടയുകയായിരുന്നു. അന്ന് സംയമനം പാലിച്ച ഇന്ത്യയെയല്ല ഉറിയിലേയും പുല്‍വാമയിലേയും ഭീകരാക്രമണങ്ങള്‍ക്ക് ശേഷം കണ്ടത്. ശത്രുക്കള്‍ക്ക് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ്ണ അധികാരം നല്‍കുന്ന സര്‍ക്കാരാണിതെന്നും മോദി അവകാശപ്പെട്ടു.