LiveTV

Live

National

മോദി പാകിസ്താന് നല്‍കിയ മുന്നറിയിപ്പാണ് അഭിനന്ദന്റെ മോചനം സാധ്യമാക്കിയതെന്ന് യെദിയൂരപ്പ

ബംഗളൂരുവില്‍ നടന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കായുള്ള തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു യെദിയൂരപ്പയുടെ അവകാശവാദങ്ങള്‍...

മോദി പാകിസ്താന് നല്‍കിയ മുന്നറിയിപ്പാണ് അഭിനന്ദന്റെ മോചനം സാധ്യമാക്കിയതെന്ന് യെദിയൂരപ്പ

ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന് നല്‍കിയ മുന്നറിയിപ്പാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിലേക്ക് നയിച്ചതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗളൂരുവിലും ചുറ്റുവട്ടത്തുമുള്ള ഏഴ് ലോക്‌സഭ മണ്ഡലങ്ങളിലേയും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അഭിനന്ദന്റെ ധീരത പ്രശംസനീയമാണ്. പാരച്യൂട്ടില്‍ പാകിസ്താനില്‍ ഇറങ്ങിയ ശേഷം തന്റെ പക്കലുണ്ടായിരുന്ന സൈനിക രേഖകള്‍ വിഴുങ്ങുകയും നശിപ്പിക്കുകയും ചെയ്ത ശേഷമാണ് അഭിനന്ദനെ പാക് സൈനികര്‍ക്ക് പിടികൂടാനായത്. സൈനികന്റെ ദേശസ്‌നേഹത്തിന്റെ ഉദാഹരണമാണ് അഭിനന്ദന്‍. എങ്ങനെയാണ് ഒരു രാജ്യസ്‌നേഹി പെരുമാറേണ്ടതെന്ന് ലോകത്തിന് മാതൃക കാണിച്ചുകൊടുക്കുകയാണ് അദ്ദേഹം ചെയ്തത്' യെദിയൂരപ്പ പറഞ്ഞു.

നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് യെദിയൂരപ്പ പറഞ്ഞു. 'നരേന്ദ്രമോദിയുടെ തന്ത്രപൂര്‍വ്വമായ ഇടപെടലിലൂടെ പാകിസ്താന്‍ ലോകത്ത് ഒറ്റപ്പെട്ടു. ചൈനപോലും അവരെ അനുകൂലിക്കുന്നില്ല. കഴിഞ്ഞ 40കൊല്ലത്തിനിടെ ആദ്യമായാണ് ഇന്ത്യ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ആക്രമണം നടത്തിയത്.' എന്നും യെദിയൂരപ്പ അവകാശപ്പെട്ടു.