LiveTV

Live

National

പാകിസ്താനില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍  

പാകിസ്താനില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്ന് വിങ് കമാന്‍ഡര്‍  അഭിനന്ദന്‍ വര്‍ധമാന്‍  

പാകിസ്താനില്‍ നിന്നും മാനസിക പീഡനമുണ്ടായെന്ന് വ്യോമ സേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്‍ അറിയിച്ചതായി വാര്‍ത്ത ഏജന്‍സി എ.എന്‍.ഐ. അഭിനന്ദനെ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയനാക്കിയതിന് ശേഷം പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും വ്യോമസേന മോധാവി ബി എസ് ധനോവയും അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തി. മാതാപിതാക്കളുമായും അഭിനന്ദന്‍ സംസാരിച്ചു. ഇതിനിടെ അതിര്‍ത്തിയില്‍ എട്ടിടത്ത് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

പാകിസ്ഥാന്‍ കസ്റ്റഡിയിലിരിക്കെ പാിസ്ഥാനില്‍ നിന്നും ശാരീരിക പീഡനമല്ല മാനസിക പീഢനമാണ് ഏറ്റതെന്ന് ഡല്‍ഹിയിലെത്തിച്ച വ്യോമ സേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. മാനസിക സമ്മര്‍ദത്തിന് വിധേയമാക്കി വിവരശേഖരത്തിനുള്ള ശ്രമമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനുമായും വ്യോമസേന മോധാവി ബി.എസ് ധനോവയുമായും കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ അഭിനന്ദന്‍ പറഞ്ഞതെന്നാണ് വിവരം. പിതാവ് എസ് വര്‍ധമാനുമായും മാതാവ് ഡോക്ടര്‍ ശോഭയുമായും അഭിനന്ദന്‍ സംസാരിച്ചു. ചുരുങ്ങിയ സമയം മാത്രമാണ് മൂവരും ഒരുമിച്ച് ചിലവിട്ടത്.

ആര്‍.ആര്‍ സൈനിക ആശുപത്രിയിലാണ് അഭിനന്ദനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കിയത്. ശാരീരിക - മനസാന്നിധ്യ പരിശോധനകള്‍ അടക്കമുള്ളവ ആരോഗ്യ പരിശോധനയിലുള്‍പ്പെടും. മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്നതാണ് പരിശോധനകള്‍. ഡേ ബ്രീഫിങ് എന്ന നടപടി ക്രമമാണ് ഇനി നടക്കാനുള്ളത്. രഹസ്യകേന്ദ്രത്തില്‍ നടക്കുന്ന ഒരു തരം ചോദ്യം ചെയ്യലാണിത്. ഇതുവരെ ഉണ്ടായ സംഭവവികാസങ്ങള്‍, പാക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി, തുടങ്ഹിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും. വ്യോമ സേന, ഐ.ബി, റോ, വിദേശകാര്യമന്ത്രാലയം എന്നിവയിലെ ഉര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടാവുക.

മാധ്യമങ്ങള്‍ അടക്കമുള്ളവയോട് വെളിപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് അഭിനന്ദിന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കും. അതേസമയം അഭിനന്ദനെ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് കൈമാറിയതെന്ന് പാകിസ്താന്‍ അവകാശപ്പെടുമ്പോഴും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. ഒരാഴ്ചക്കിടെ 60തോളം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ രാത്രി പൂഞ്ചിലെ സലോത്രി ഗ്രാമത്തില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ കൊല്ലപ്പെട്ടു. ഉച്ചയോടെ നൌഷേറ സെക്ടറിലെ രജൌരിയിലും വെടിവെപ്പുണ്ടായി. കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നാണ് അവസാനിച്ചത്. 2 ഭീകരരെ വധിക്കാന്‍ സൈന്യത്തിനായി. ഗ്രാമീണനും 2 സി.ആര്‍.പി.എഫ് ജവാന്‍മാരും 2 പൊലീസ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സൈനികരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷം കുടുംബത്തിന് കൈമാറി. ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുണ്ടെന്നും അത് തുടരുമെന്നും സൈനിക വ്യത്തങ്ങള്‍ വ്യക്തമാക്കി.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് സേനാ മേധാവിമാര്‍ക്കും ഇനി ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് നേരത്തെ തന്നെ ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്. നിര്‍ത്തിവെച്ച സംഝോത എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഇന്ത്യ പുനരാരംഭിച്ചു. കേരളത്തില്‍ കടല്‍മാര്‍ഗ്ഗം തീവ്രവാദികള്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. മത്സ്യ ത്തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമുദ്രാപരിതലത്തില്‍ സംശയാസ്പദമായ രീതിയില്‍ അന്തര്‍വാഹിനികളുടെ മുകള്‍ഭാഗം കാണുകയാണെങ്കില്‍ വിവരം ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് ഇന്റലിജന്‍സ് അറിയിച്ചു.