LiveTV

Live

National

ലോക്സഭാ തെരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിനായി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഏഴ് സീറ്റുകളില്‍ 6 എണ്ണത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്ത് വിട്ടത്. കോണ്‍ഗ്രസുമായി ഡല്‍ഹിയില്‍ സഖ്യമില്ലെന്ന് പ്രഖ്യാപന ശേഷം കണ്‍വീനര്‍ ഗോപാല്‍ റായ് വ്യക്തമാക്കി.

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും സഖ്യ ശ്രമങ്ങള്‍ക്കുമൊടുവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് എ.എ.പി തീരുമാനം. ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം സഖ്യ ചര്‍ച്ചകള്‍ നടത്തി വരവെയാണ് എ.എ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. 6 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി പുറത്ത് വിട്ടു.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബ്രിജേഷ് ഗോയലും‍ ഈസ്റ്റ് ഡല്‍ഹിയില്‍ അതിഷിയും നോര്‍ത്ത്ഈസ്റ്റില്‍ ദിലീപ് പാണ്ഡെയുമാണ് സ്ഥാനാര്‍ത്ഥികള്‍. സൌത്ത് ഡല്‍ഹിയില്‍ രാഘവ് ചന്ദയും ചാന്ദിനി ചൌക്കില്‍ പങ്കജ് ഗുപ്തയും, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ഗുഗന്‍ സിങും മത്സരിക്കും. വെസ്റ്റ് ഡല്‍ഹി സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റിലേക്ക് ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു.

സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടാന്‍ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു പി.സി.സി അധ്യക്ഷ ഷീല ദീക്ഷിത്. 2014 തെരഞ്ഞെടുപ്പില്‍ ബി,ജെ,പി ഡല്‍ഹിയില്‍ 7 സീറ്റും നേടിയിരുന്നു.