LiveTV

Live

National

അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി

മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവിലാണ് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്

അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി

പാകിസ്താന്‍ കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറി. മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവിലാണ് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്. വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറിയിരിക്കുന്നത്.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയ വിവരം എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ സ്ഥിരീകരിച്ചു. എത്രയും പെട്ടെന്ന് അഭിനന്ദനെ വൈദ്യ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും അദ്ദേഹം രാജ്യത്ത് തിരിച്ചെത്തിയതില്‍ വ്യോമസേനക്ക് അതിയായ സന്തോഷമുണ്ടെന്നും ആര്‍.ജി.കെ കപൂര്‍ വ്യക്തമാക്കി.

വൈകുന്നേരം 05.20ഓടെ അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയ വിവരം സ്ഥിരീകരിക്കാനായില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അഭിനന്ദനെ കൈമാറുന്ന സമയം രണ്ട് തവണ പാകിസ്താന്‍ മാറ്റുകയും ചെയ്തു. ഒടുവില്‍ രാത്രി ഒമ്പത് മണിയോ‌ടെ മണിക്കൂറുകള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ പാകിസ്താന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറുകയായിരുന്നു. മൂന്ന് ദിവസം പാകിസ്താനില്‍ കഴിഞ്ഞ ശേഷമാണ് അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

വാഗയില്‍ നിന്ന് അമൃത്‌സറിലെത്തിക്കുന്ന അഭിനന്ദിനെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ഇന്ത്യയും പാകിസ്താനും ഉപേക്ഷിച്ചിരുന്നു.

ഇന്ത്യന്‍ ജനത ഒരേ മനസോടെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഇന്നലെ വൈകുന്നേരമാണ് വന്നത്. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്. രാജ്യതലസ്ഥാനത്തെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരെ അഭിനന്ദന്‍ കണ്ടേക്കും.

Also read: അഭിനന്ദന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ വിജയം

അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് എന്നാണ് പാക് പ്രധാനമന്ത്രി വിശദീകരിച്ചത്. എന്നാല്‍ ഇന്ത്യയുടെ ശ്രമഫലമായുണ്ടായ കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഉപാധികളില്ലാതെയാണ് അഭിനന്ദനെ പാകിസ്താന്‍ വിട്ടയക്കുന്നത്. കാണ്ഡഹാര്‍ മാതൃകയില്‍ വിലപേശലിനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്.

ജനീവ കണ്‍വെന്‍ഷന്‍ മാനിച്ച് വൈമാനികനെ സുരക്ഷിതമായി വിട്ടയച്ചാലല്ലാതെ ഒരു ചര്‍ച്ചക്കും ഇടമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 26ന് വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പോര്‍വിമാനങ്ങളെ ചെറുക്കുന്നതിനിടെയാണ് മിഗ് 21 വിമാനം ഇന്ത്യക്ക് നഷ്ടമാവുകയും അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയും ചെയ്തത്.

Also read: അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തിന്റെ തെളിവ് പുറത്തുവിട്ട് ഇന്ത്യന്‍ സേന