LiveTV

Live

National

അഭിനന്ദന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ വിജയം

പാകിസ്താന്‍ ഹൈകമ്മീഷന്‍ പ്രതിനിധികളെ വിളിച്ച് വരുത്തിയ വിദേശകാര്യ മന്ത്രാലയം സൈനികനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഭിനന്ദന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ വിജയം

ഇന്ത്യയുടെ നയതന്ത്ര സമ്മര്‍ദങ്ങളുടെ ഫലമായാണ് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ജനീവ കരാര്‍ അനുസരിച്ച് മോചിപ്പിക്കാന്‍ പാകിസ്താന്‍ തയ്യാറായത്. പാകിസ്താന്‍ ഹൈകമ്മീഷന്‍ പ്രതിനിധികളെ വിളിച്ച് വരുത്തിയ വിദേശകാര്യ മന്ത്രാലയം സൈനികനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് കലുഷിതമായ അന്തരീക്ഷത്തിന് അയവു വരുമെന്ന പ്രതീക്ഷ ആദ്യമായി പങ്കുവെച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി തുടര്‍ച്ചയായി ഇന്ത്യ ചര്‍ച്ച നടത്തി. അന്താരാഷ്ട്ര തലത്തില്‍ ഇതിനെ തുടര്‍ന്ന് വലിയ സമ്മര്‍ദമാണ് പാകിസ്താന് നേരിടേണ്ടി വന്നത്. ഇന്ത്യന്‍ വൈമാനികനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് പാകിസ്താനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പരിക്കേറ്റ സൈനികനെ ദൃശ്യവല്‍ക്കരിച്ചുകൊണ്ടുള്ള നടപടിയില്‍ ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ പ്രതിനിധിയെ വിളിച്ച് വരുത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജനീവ കരാറിന്‍റെ ലംഘനം ഉണ്ടാകരുതെന്നായിരുന്നു താക്കീത്. ഈ സാഹചര്യത്തിലാണ് വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

Also read: പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ന് തിരിച്ചെത്തും

മധ്യസ്ഥ ശ്രമങ്ങളുമായി സൌദിയും രംഗത്ത് വന്നിരുന്നു. ജയ്ശെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഐക്യരാഷ്ട്രസഭാ സുരക്ഷാ കൌണ്‍സിലിലെ ആവശ്യവും ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്‍റെ തെളിവായി. അതും സുരക്ഷാ കൌണ്‍സില്‍ സ്ഥിരാംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമാണ് ആവശ്യമുയര്‍ത്തിയത്. ഇതില്‍ 10 ദിവസത്തിനുള്ളില്‍ യു.എന്‍ തീരുമാനമെടുക്കും.