LiveTV

Live

National

ഇന്ത്യ-പാക് പ്രശ്നം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ട്രംപ്

രണ്ട് രാജ്യങ്ങളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ ലഭിക്കുന്നുണ്ടെന്ന് ട്രംപ്

ഇന്ത്യ-പാക് പ്രശ്നം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു: ട്രംപ്

ഇന്ത്യ - പാക് സംഘര്‍ഷത്തിന് ഉടന്‍ പരിഹാരമാകുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. രണ്ട് രാജ്യങ്ങളില്‍ നിന്നും ശുഭകരമായ വാര്‍ത്തകള്‍ ലഭിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ആവശ്യപ്പെട്ടു.

പ്രശ്നപരിഹാരത്തിനായി അമേരിക്ക ഇടപെടുന്നുണ്ടെന്നും ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നേരത്തെ ഇന്ത്യയും പാകിസ്താനും നേരിട്ട് ആശയവിനിമയം നടത്തണമെന്നും നിലവിലെ കലുഷിതമായ അന്തരീക്ഷത്തിന് അയവു വരുത്താന്‍ ശ്രമിക്കണമെന്നും അമേരിക്കയും ജപ്പാനും ആവശ്യപ്പെട്ടിരുന്നു. സൈനിക നടപടികള്‍ അവസ്ഥ മോശമാക്കേനേ ഉപകരിക്കൂവെന്നും അമേരിക്ക പറയുകയുണ്ടായി. എന്നാല്‍ സുരക്ഷാ സമിതിയിലെ ഉത്തരവാദിത്വങ്ങള്‍ പാകിസ്താന്‍ പാലിക്കണമെന്നും ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസും ഭീകര സംഘടനകള്‍ക്ക് അഭയമൊരുക്കുന്നതും നിര്‍ത്തലാക്കണമെന്നും അമേരിക്ക ഓര്‍മ്മപ്പെടുത്തി.

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ക്ക് പിന്നാലെയാണ് ഭീകരന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ലോകരാജ്യങ്ങള്‍ ഉയര്‍ത്തിയത്. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമാണ് ഇക്കാര്യത്തില്‍ ആവശ്യമുയര്‍ത്തിയത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി സുരക്ഷാ കൌണ്‍സിലിന് മുന്‍പില്‍ 10 ദിവസങ്ങളാണ് ഉള്ളത്. ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആഗോള ഭീകരന്‍മാരുടെ ഗണത്തിലേക്ക് മസൂദ് അസ്ഹറും ഉള്‍പ്പെടും. ഇതോടെ അന്താരാഷ്ട്ര യാത്ര വിലക്ക്, ആസ്തി മരവിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ ജയ്ശെ മുഹമ്മദ് തലവന്‍ നേരിടേണ്ടി വരും.

Also read: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണയുമായി ലോകരാജ്യങ്ങള്‍

Also read: മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് യു.എന്‍ സുരക്ഷാ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും