LiveTV

Live

National

ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മോദി

പാക് പിടിയിലായ സൈനികനായി രാജ്യം കാത്തിരിക്കുമ്പോഴും മോദി പാര്‍ട്ടി പരിപാടി മാറ്റിവെക്കാത്തത് അപമാനകരമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് മോദി

ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശത്രുവിന്റെ ശ്രമം വിലപ്പോകില്ല. രാഷ്ട്രീയ അത്യാഗ്രഹമുള്ള ചിലര്‍ക്ക് നിസ്സഹായമായ സര്‍ക്കാരിനെയാണ് ആവശ്യമെന്നും ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. പാക് പിടിയിലായ സൈനികനായി രാജ്യം കാത്തിരിക്കുമ്പോഴും മോദി പാര്‍ട്ടി പരിപാടി മാറ്റിവെക്കാത്തത് അപമാനകരമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

ഒരു കോടി പാര്‍ട്ടി പ്രവര്‍ത്തകരെ നമോ ആപ്ലിക്കേഷനിലൂടെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കെതിരെ വ്യാപക വിമര്‍ശനമാണ് പ്രതിപക്ഷത്ത് നിന്നുണ്ടായത്. എന്നാല്‍ വിമര്‍ശനങ്ങളെ അവഗണിച്ച നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. രാജ്യം ഒറ്റക്കെട്ടാണെന്നും ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു

വൈമാനികന്റെ മടങ്ങി വരവിനായി രാജ്യം കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നതിനെ കോണ്‍ഗ്രസ് നിശിതമായി വിമര്‍ശിച്ചു. അല്‍പ്പസമയം പോലും പ്രധാനന്ത്രിക്ക് പ്രചാരണ പരിപാടികളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയുന്നില്ല എന്നത് അപമാനകരമാണ്. ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള സംവാദം പ്രധാനമന്ത്രി മാറ്റിവെക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ബി.ജെ.പി രാഷ്ട്രീയ പരിപാടികളുമായി മുന്നോട്ട് പോകുകയാണെന്ന് അഖിലേഷ് യാദവും മായാവതിയും കുറ്റപ്പെടുത്തി. സൈനികരുടെ ജീവത്യാഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ ഇന്നലെ ചേര്‍ന്ന 21 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനമെടുത്തിരുന്നു.