LiveTV

Live

National

മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് യു.എന്‍ സുരക്ഷാ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും  

പാകിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ക്ക് പിന്നാലെയാണ് ഭീകരന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ലോകരാജ്യങ്ങള്‍ ഉയര്‍ത്തുന്നത്...

മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് യു.എന്‍ സുരക്ഷാ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും  

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ അമേരിക്കയും ബ്രിട്ടനും ആവശ്യപ്പെട്ടു. പത്ത് ദിവസമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി സമിതിക്ക് മുന്‍പില്‍ ഉള്ളത്. ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ആശയവിനിമയം നടത്തി നിലവിലെ സാഹചര്യത്തില്‍ അയവു വരുത്തണമെന്ന് അമേരിക്കയും ജപ്പാനും ആവശ്യപ്പെട്ടു.

പാകിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ക്ക് പിന്നാലെയാണ് ഭീകരന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ലോകരാജ്യങ്ങള്‍ ഉയര്‍ത്തുന്നത്. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സുരക്ഷാ കൗണ്‍സിലിന് മുന്‍പില്‍ പത്ത് ദിവസങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി ഉള്ളത്. ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആഗോള ഭീകരന്‍മാരുടെ ഗണത്തിലേക്ക് മസൂദ് അസറും ഉള്‍പ്പെടും. ഇതോടെ അന്താരാഷ്ട്ര യാത്ര വിലക്ക്, ആസ്തി മരവിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ ജെയ്‌ഷെ മുഹമ്മദ് തലവന് നേരിടേണ്ടി വരും.

മുന്‍പ് പലതവണ ഇക്കാര്യത്തില്‍ തടസ്സം നിന്ന ചൈന എന്ത് നിലപാട് എടുക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. അതേസമയം ഇന്ത്യയും പാകിസ്ഥാനും നേരിട്ട് ആശയവിനിമയം നടത്തണമെന്നും നിലവിലെ കലുഷിതമായ അന്തരീക്ഷത്തിന് അയവു വരുത്താന്‍ ശ്രമിക്കണമെന്നും അമേരിക്കയും ജപ്പാനും ആവശ്യപ്പെട്ടു. സൈനിക നടപടികള്‍ അവസ്ഥ മോശമാക്കേനെ ഉപകരിക്കൂവെന്നും അമേരിക്ക ഓര്‍മ്മപ്പെടുത്തി. എന്നാല്‍ സുരക്ഷാസമിതിയിലെ ഉത്തരവാദിത്വങ്ങള്‍ പാകിസ്ഥാന്‍ പാലിക്കണമെന്നും ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസും ഭീകരസംഘടനകള്‍ക്ക് അഭയമൊരുക്കുന്നതും നിര്‍ത്തലാക്കണമെന്നും അമേരിക്ക പറഞ്ഞു. നിലവിലെ സാഹചര്യങ്ങളില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ യു.എസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മൈക്കല്‍ പോംപിയോയുമായി ഫോണിലൂടെ ചര്‍ച്ച നടത്തുകയും ചെയ്തു.