LiveTV

Live

National

പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ; പക്വതയോടെയുള്ള തീരുമാനമെന്ന് നയതന്ത്രപ്രതിനിധികള്‍

അതേസമയം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രധാന ഏഷ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ ചര്‍ച്ച നടത്തി. 

പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ; പക്വതയോടെയുള്ള തീരുമാനമെന്ന് നയതന്ത്രപ്രതിനിധികള്‍

ബലാകോട്ടിലെ തിരിച്ചടിക്ക് ശേഷം പാകിസ്താനെതിരെ കൂടുതല്‍ നടപടികള്‍ക്ക് ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ വിദേശ നയതന്ത്ര പ്രതിനിധികളോട് വ്യക്തമാക്കിയതായി സൂചന. ഇന്ത്യയുടേത് പക്വതയോടെയുള്ള തീരുമാനമെന്ന് വിദേശ നയതന്ത്ര പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അതേസമയം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രധാന ഏഷ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ ചര്‍ച്ച നടത്തി.

ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളിലെ വ്യോമാക്രമണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി വിവിധരാജ്യങ്ങളിലെ അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എന്‍ സ്ഥിരാംഗ രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന , ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായും ഇന്ത്യ ചര്‍ച്ച നടത്തുകയുണ്ടായി. പുല്‍വാമ ആക്രമണത്തിന് ശേഷവും വിദേശ നയതന്ത്ര പ്രതിനിധികളുമായി സമാനമായ ചര്‍ച്ച രാജ്യം നടത്തിയിരുന്നു. ബലാകോട്ടയിലെ തിരിച്ചടിക്ക് ശേഷം കൂടുതല്‍ നടപടികള്‍ക്ക് രാജ്യം ആഗ്രഹിക്കുന്നില്ലെന്ന് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

സംയമനത്തോടെയാകും വിഷയത്തില്‍ ഇടപെടുകയെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടേത് പക്വതയോടെയുള്ള തീരുമാനമെന്നാണ് ഇതിനോട് നയതന്ത്ര പ്രതിനിധികള്‍ പ്രതികരിച്ചത്. തിരിച്ചടിക്ക് ശേഷം വിദേശകാര്യ സെക്രട്ടറി നടത്തിയ വാര്‍ത്താസമ്മേളനവും ഇത് തെളിയിക്കുന്നതാണെന്നും നയതന്ത്രപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. അതേസമയം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അയല്‍രാജ്യങ്ങളിലെ വിദേശമന്ത്രിമാരുമായി നിലവിലെ സാഹചര്യങ്ങളില്‍ ചര്‍ച്ച നടത്തി. അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കല്‍ പോംപെയുമായി ചര്‍ച്ച നടത്തിയതായി ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ സുഷമാ സ്വരാജ് അറിയിച്ചിരുന്നു.

Also read: തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം-Live Blog

Also read: പാകിസ്താനെതിരെ നയതന്ത്ര നീക്കം സജീവമാക്കി ഇന്ത്യ