LiveTV

Live

National

അതിര്‍ത്തി ലംഘിച്ച് പാക് ആക്രമണശ്രമം; ഒരു ഇന്ത്യന്‍ പൈലറ്റിനെ കാണാനില്ല

പ്രതിരോധത്തിനിടെ ഒരു മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റിനെ കാണാതായെന്ന് വിദേശകാര്യ വക്താവ് റവീഷ് കുമാര്‍ സ്ഥിരീകരിച്ചു

അതിര്‍ത്തി ലംഘിച്ച് പാക്  ആക്രമണശ്രമം; ഒരു ഇന്ത്യന്‍ പൈലറ്റിനെ കാണാനില്ല

അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്താനുള്ള പാകിസ്താന്‍ വ്യോമസേനയുടെ ശ്രമത്തെ ധീരമായി ചെറുത്തുതോല്‍പിക്കുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റിന കാണാതായത്. മിഗ് വിമാനത്തിലെ പൈലറ്റ് കസ്റ്റഡിയിലാണെന്ന പാകിസ്താന്റെ അവകാശവാദം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

ജെയ്ഷെ മുഹമ്മദിന്‍റെ കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി പാകിസ്താന്‍ എഫ് 16 വിമാനങ്ങളുപയോഗിച്ച് ഇന്ത്യയില്‍ ആക്രമണത്തിന് മുതിര്‍ന്നു. എന്നാല്‍ ജാഗരൂകരായിരുന്ന ഇന്ത്യയുടെ വ്യോമസേന സമയോചിതമായി ഇടപെട്ടതോടെ പാകിസ്താന്‍ പിന്‍വാങ്ങി. ഒരു പാക് യുദ്ധവിമാനം വെടിവെച്ചിടുകയും ചെയ്തു. മിഗ് 21 ബൈസണ്‍ പോര്‍വിമാനങ്ങളുപയോഗിച്ചായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ഈ ആകാശപ്പോരിനിടെയാണ് ഇന്ത്യയുടെ മിഗ് 21 വിമാനം നഷ്ടമായത്. വിമാനം വെടിവെച്ച് ഇട്ടെന്നും പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലാണെന്നും അവകാശപ്പെട്ട പാകിസ്താന്‍, മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു.

എന്നാല്‍ പൈലറ്റിനെ കാണാതായെന്ന് അറിയിച്ച ഇന്ത്യ സൈനികന്‍ തങ്ങളുടെ കസ്റ്റഡിയിലെന്ന പാക് വാദം സ്ഥിരീകരിച്ചില്ല. വിങ് കമാന്‍ഡര്‍ ചെന്നൈ സ്വദേശി അഭിനന്ദനാണ് കാണാതായ പൈലറ്റെന്നാണ് അനൌദ്യോഗിക വിവരം.