LiveTV

Live

National

റഫാലില്‍ അന്വേഷണം തള്ളിയ വിധി സുപ്രീംകോടതി പുനപ്പരിശോധിക്കും

ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തില്‍ പുനപ്പരിശോധന ഹര്‍ജികള്‍ ചേംബറില്‍ പരിഗണിച്ച ശേഷമാണ് തീരുമാനം.

 റഫാലില്‍ അന്വേഷണം തള്ളിയ വിധി സുപ്രീംകോടതി പുനപ്പരിശോധിക്കും

റഫാലില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. ഇടപാടില്‍ അന്വേഷണം തള്ളിയ വിധി പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഹരജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തില്‍ പുനപ്പരിശോധന ഹരജികള്‍ ചേംബറില്‍ പരിഗണിച്ച ശേഷമാണ് തീരുമാനം.

അഴിമതി ആരോപണം ശക്തമായ റഫാൽ വിമാന ഇടപാടില്‍ ഒരിടവേളക്ക് ശേഷം നിയമ നടപടികള്‍ സജീവമാവുകയാണ്. ഇടപാട് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ വാദം കേട്ട ശേഷം ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി തള്ളിയിരുന്നു. ഡിസംബര്‍ 14ലെ ഈ വിധി പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ട് രണ്ട് ഹരജികളാണ് ഇപ്പോള്‍ സുപ്രീംകോടതിയിലുള്ളത്. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചതാണ് ഒന്ന്. എ.എ.പി നേതാവ് സഞ്ജയ് സിംഗാണ് മറ്റൊരു ഹരജി സമര്‍പ്പിച്ചത്. ഇവ ഇന്ന് ഉച്ചക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് നേതൃത്വം നല്‍കുന്ന മൂന്നംഗ ബഞ്ച് ചേമ്പറില്‍ പരിഗണിച്ച ശേഷം തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പാര്‍ലമെന്‍റ് അക്കൌണ്ട്സ് കമ്മിറ്റി സി.എ.ജി റിപ്പോര്‍ട്ട് പരിശോധിച്ചെന്ന് റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വക്കും മുന്‍പേ തന്നെ കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. ഇതടക്കം തെറ്റായ വിവരം സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍‌ അനുകൂല വിധി സമ്പാദിച്ചതെന്നാണ് ഹരജിക്കാരുടെ ആക്ഷേപം. ശരിയായ വിവരങ്ങള്‍ കോടതിക്ക് മുന്നില്‍ വരാതിരിക്കുന്നത് നീതിയുടെ ഗുരുതരമായ ലംഘനമാണെന്നും ഹരജികള്‍ ചൂണ്ടിക്കാട്ടുന്നു.