LiveTV

Live

National

അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കി

ഭീകരവിരുദ്ധ പോരാട്ടത്തിന് അന്താരാഷ്ട്ര സമവായം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമവും ഇന്ത്യ ശക്തമാക്കി.

അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കി

അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം സുരക്ഷ ശക്തമാക്കി. ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് ചാര വിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. അതിനിടെ ഭീകരവിരുദ്ധ പോരാട്ടത്തിന് അന്താരാഷ്ട്ര സമവായം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമവും ഇന്ത്യ ശക്തമാക്കി.

പാക് അധിനിവേശ കശ്മീരിലെ ജയ്ശെ മുഹമ്മദ് താവളങ്ങളില്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ ഇന്ത്യ ശക്തമാക്കി. ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഭരണ പാര്‍ട്ടിയായ പാക് തെഹ്‍രികെ ഇന്‍സാഫ് ഇക്കാര്യം ട്വീറ്റ് ചെയ്തു. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാനിര്‍ദേശമാണ് വ്യോമസേനക്കും കരസേനക്കും ഇന്ത്യ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി ബി.എസ് ധനുവ എന്നിവരുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുരക്ഷ ശക്തമാക്കിയത്. അതിനിടെ തിരിച്ചടിക്കാന്‍ പാകിസ്താന്‍ നടത്തിയ ശ്രമം ഇന്ത്യന്‍ വ്യോമസേന വിഫലമാക്കി. എഫ്-16 ജെറ്റുകളുപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണത്തിന് മുതിര്‍ന്നത്.

ഭീകരവിരുദ്ധ പോരാട്ടത്തിന് അന്താരാഷ്ട്ര സമവായം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമവും ഇന്ത്യ ആരംഭിച്ചു. വിവിധ രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആശയവിനിമയം നടത്തി. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ആസ്ട്രേലിയ, ഇന്തോനേഷ്യ, തുര്‍ക്കി, ആറ് ആസിയാന്‍ രാജ്യങ്ങള്‍ എന്നിവയെയാണ് ഇതിനകം ഇന്ത്യ കാര്യങ്ങള്‍ ധരിപ്പിച്ചത്.