LiveTV

Live

National

പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം; 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വ്യോമസേന 

ഇന്ന് പുലര്‍ച്ചെ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരെയും ചാവേറുകളെയും വധിച്ചു.

പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം; 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വ്യോമസേന 

പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താന് അതിശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ന് പുലര്‍ച്ചെ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരെയും ചാവേറുകളെയും വധിച്ചു.

പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍. നിയന്ത്രണ രേഖ കടന്ന് വ്യോമസേനയുടെ മിറാഷ് 2000 ശ്രേണിയിലെ 12 പോര്‍വിമാനങ്ങള്‍ കുതിച്ചു- ബലാകോട്ടിലും ചകോത്തിയിലും മുസഫറാബാദിലും ആക്രമണം. ജയ്ശെ മുഹമ്മദിന്‍റെ ബലാകോട്ടിലെ കേന്ദ്രത്തില്‍ വര്‍ഷിച്ചത് ആറ്‍ ബോംബുകള്‍. ആകെ ഉപയോഗിച്ചത് 1000 കിലോ സ്ഫോടകവസ്തു.

കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുഫ്തി അസ്ഹര്‍ ഖാന്‍ കശ്മീരി, എയര്‍ ഇന്ത്യ വിമാനം റാഞ്ചിയ കേസിലെ പ്രതി ഇബ്രാഹീം അസ്ഹര്‍, മൌലാന അമ്മര്‍, മൌലാന തല്‍ഹ സെയ്ഫ് എന്നിവരായിരുന്നു മുഖ്യ ലക്ഷ്യം. ജയ്ശെ മുഹമ്മദിന്‍റെ തലവന്‍ മഹ്മൂദ് അസ്ഹറിന്‍റെ സഹോദരനാണ് തല്‍ഹ സെയ്ഫ്. ബലാകോട്ടിലെ കേന്ദ്രം ഇവരുടെ നേതൃത്വത്തിലാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. ചാവേറുകളും മുതിര്‍ന്ന കമാന്‍ഡര്‍മാരുമടക്കം 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് വ്യോമസേന അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. പാകിസ്താന്റെ പ്രകോപനം നേരിടാന്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വ്യോമാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ പോര്‍വിമാനങ്ങളെ തുരത്തിയെന്നാണ് പാകിസ്താന്‍ സേനയുടെ അവകാശവാദം. തിരിച്ചടിക്കുമെന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേശിയുടെ പ്രതികരണം.