LiveTV

Live

National

ആ ദൃശ്യങ്ങള്‍ മിന്നലാക്രമണത്തിന്റേതല്ല; വീഡിയോ ഗെയിമിന്റേത്..! 

പാകിസ്താന് ഇന്ത്യ അതിശക്തമായ തിരിച്ചടി നല്‍കിയതിന് തൊട്ടുപിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ നിരവധി വീഡിയോകളാണ്...

ആ ദൃശ്യങ്ങള്‍ മിന്നലാക്രമണത്തിന്റേതല്ല; വീഡിയോ ഗെയിമിന്റേത്..! 

പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താന് ഇന്ത്യ അതിശക്തമായ തിരിച്ചടി നല്‍കിയതിന് തൊട്ടുപിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന പേരില്‍ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇവയെല്ലാം വ്യാജമാണെന്നതാണ് വാസ്തവം.

അജയ് കുശ്‍വാഹ എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നായിരുന്നു വ്യാജ വീഡിയോകളിലൊന്ന് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൌണ്ടാണ് ഇത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ പുതിയ ഇന്ത്യയാണ് ഇതെന്ന് പറഞ്ഞുകൊണ്ടായിരുന്നു വീഡിയോ പുറത്തുവിട്ടത്.

എന്നാല്‍, ഇതേ ദൃശ്യങ്ങള്‍ പാക് വ്യോമസേനയുടേതെന്ന പേരില്‍ ഇതിന് മുമ്പും പ്രചരിച്ചിരുന്നു. ഇന്ത്യൻ വ്യോമസേന നടത്തിയ പാക് ആക്രമണ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് മുസാഫറാബാദ്, കശ്മീര്‍ പ്രദേശങ്ങളിലെ പാക് വ്യോമസേനയുടെ ദൃശ്യങ്ങൾ എന്ന പേരിലായിരുന്നു ഇത് പ്രചരിച്ചിരുന്നത്.

അതേസമയം വാസ്തവത്തില്‍ വീഡിയോക്ക് മൂന്ന് വര്‍ഷം പഴക്കമുണ്ട്. 2016 ആഗസ്റ്റ് 14ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാക് വ്യോമസേന നടത്തിയ രാത്രിപര്യടനത്തിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് യൂട്യൂബില്‍ നിന്ന് ലഭിച്ച 2016ലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

പാകിസ്താനില്‍ ഇന്ത്യന്‍ ആര്‍മിയുടെ വ്യോമാക്രമണം എന്ന പേരില്‍ ഏറ്റവുമധികം പ്രചരിക്കുന്ന മറ്റൊരു വീഡിയോ ആകട്ടെ, ഒരു വീഡിയോ ഗെയിമില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. എ.ബി.പി മാധ്യമപ്രവര്‍ത്തകന്‍ വികാസ് ബദൌരിയ ഉള്‍പ്പെടെയുള്ളവര്‍ ഈ വ്യാജദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘അര്‍മ ടു’ എന്ന പേരിലുള്ള ഒരു വീഡിയോ ഗെയിമിന്റെ 2015ലെ യൂട്യൂബ് വീഡിയോ ആണ് ഇത്.