LiveTV

Live

National

“ഗംഗയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്ത പാപങ്ങള്‍ തീരുമോ?” മോദിയോട് മായാവതി 

നോട്ട് നിരോധനം, ജി.എസ്.ടി, ജാതീയത, വര്‍ഗീയ, സ്വേച്ഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബി.ജെ.പിക്ക് മാപ്പ് നല്‍കാന്‍ ജനങ്ങള്‍ക്കാവില്ലെന്നും മായാവതി

“ഗംഗയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്ത പാപങ്ങള്‍ തീരുമോ?” മോദിയോട് മായാവതി 

ഗംഗാ നദിയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്ത പാപങ്ങള്‍ തീരുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബി.എസ്.പി നേതാവ് മായാവതി. കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജിലെത്തിയതിന് പിന്നാലെയാണ് മായാവതി ട്വിറ്ററില്‍ ഈ ചോദ്യം ഉന്നയിച്ചത്.

പ്രയാഗ് രാജിലെത്തിയ മോദി ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനത്ത് മുങ്ങിക്കുളിച്ചിരുന്നു. സഹീ സ്‌നാന്‍ എന്നറിയപ്പെടുന്ന ഈ ആചാരത്തിലൂടെ ജീവിതകാലം മുഴുവന്‍ ചെയ്ത പാപം കഴുകി കളയാമെന്നാണ് വിശ്വാസം. എന്നാല്‍ ഇങ്ങനെ മുങ്ങിക്കുളിച്ചതുകൊണ്ടു മാത്രം മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം, വഞ്ചന ഉള്‍പ്പെടെയുള്ള പാപങ്ങള്‍ തീരുമോയെന്നാണ് മായാവതിയുടെ ചോദ്യം.

ബി.ജെ.പി സര്‍ക്കാരിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ ഒരിക്കലും മാപ്പ് നല്‍കില്ലെന്നും മായാവതി ട്വീറ്റില്‍ വ്യക്തമാക്കി. നോട്ട് നിരോധനം, ജി.എസ്.ടി, ജാതീയത, വര്‍ഗീയ, സ്വേച്ഛാധിപത്യ ഭരണം എന്നിവയിലൂടെ തങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയ ബി.ജെ.പിക്ക് മാപ്പ് നല്‍കാന്‍ ജനങ്ങള്‍ക്കാവില്ലെന്നും മായാവതി പ‌റഞ്ഞു.

മോദി സര്‍ക്കാരിന്‍റെ കിസാന്‍ സമ്മാന്‍ നിധി പദ്ധതിയെയും മായാവതി വിമര്‍ശിച്ചു. ഈ പദ്ധതി കര്‍ഷകര്‍ക്ക് ഒരിക്കലും ഗുണം ചെയ്യില്ല. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുകയെന്നതാണ് കര്‍ഷകരുടെ ആവശ്യം. അല്ലാതെ കര്‍ഷകര്‍ക്ക് മാസം 500 രൂപ നല്‍കിയതുകൊണ്ട് കാര്യമില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പ് വരുത്തുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മായാവതി വിമര്‍ശിച്ചു.