LiveTV

Live

National

പുല്‍വാമ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി

കശ്മീരില്‍ തുടരുന്ന കല്ലേറില്‍ നിന്ന് സൈനികര്‍ക്ക് സുരക്ഷ നല്‍കണമെന്ന ഹര്‍ജിയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു.

പുല്‍വാമ: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹരജി സുപ്രീംകോടതി തള്ളി

പുൽവാമ ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കശ്മീരില്‍ തുടരുന്ന കല്ലേറില്‍ നിന്ന് സൈനികര്‍ക്ക് സുരക്ഷ നല്‍കണമെന്ന ഹര്‍ജിയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവിക്കെതിരായ കേസില്‍ നാളെ മുതല്‍ അന്തിമ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചു.

ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതിയുടെ മുന്നില്‍ വന്നത്. പുല്‍വാമ ഭീകരാക്രണമണത്തില്‍‌ വിഘടനവാദികള്‍ അടക്കമുള്ളവര്‍‌ക്ക് പങ്കുണ്ട്. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെ കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നായിരുന്നു അഭിഭാഷകനായ വിനീത് ടാണ്ടന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രാധാന ആവശ്യം. ഹുറിയത്ത് കോണ്‍ഫ്രണ്‍സ് നേതാക്കളുടെ ബാങ്ക് അക്കൌണ്ടുള്‍ മരവിപ്പിക്കണം എന്നും പുല്‍വാമക്ക് പുറമെ ഉറി ഭീകരാക്രമണവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വ്യക്തമാക്കി.

സൈനികരുടെ മക്കള്‍ സമര്‍പ്പിച്ച ഹർജിയായിരുന്നു മറ്റൊന്ന്. വിഘടനവാദികളുടെയും മറ്റു പ്രതിഷേധക്കാരുടെയും കല്ലേറിൽ നിന്ന് സൈനികർക്ക് സുരക്ഷ ഉറപ്പാക്കണം, സൈനികരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നത് തടയാൻ നയം രൂപീകരിക്കണം എന്നിവയായിരുന്നു ആവശ്യങ്ങള്‍. കേന്ദ്ര സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും ഈ ഹര്‍ജിയില്‍ കോടതി നോട്ടീസയച്ചു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടന അനുച്ഛേദം 35 A യുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ നാളെ മുതല്‍ വ്യാഴാഴ്ച വരെ അന്തിമവാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. കശ്മീരിലെ സര്‍ക്കാര്‍ ജോലി, ഭൂമി ഇടപാടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, മറ്റു പൊതു പദ്ധതികള്‍ തുടങ്ങിയവയുടെ ഗുണഭോക്താക്കള്‍ കശ്മീരികള്‍ മാത്രമായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നതാണ് ഈ ഭരണഘടന വകുപ്പ്. കേസ് പരഗിണിക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി.