LiveTV

Live

National

ഭീകരാക്രമണമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു: മമത

ജവാന്മാരുടെ മൃതശരീരം കൊണ്ട് രാഷ്ട്രീയം കളിക്കാന്‍ മോദി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മനപൂര്‍വ്വം അവഗണിച്ചെന്ന് മമത ബാനര്‍ജി 

 ഭീകരാക്രമണമുണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു: മമത

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭീകരാക്രമണം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും മോദി ഒന്നും ചെയ്തില്ല. ജവാന്മാരുടെ മൃതശരീരം കൊണ്ട് രാഷ്ട്രീയം കളിക്കാന്‍ മോദി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മനപൂര്‍വ്വം അവഗണിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം രാജ്യത്ത് യുദ്ധഭീതിയുണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും മമത വിമര്‍ശിച്ചു. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

"ഭീകരാക്രമണം സംബന്ധിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും ജവാന്മാരെ വ്യോമമാര്‍ഗം എത്തിക്കാതെ റോഡ് മാര്‍ഗം വിട്ടു. ഭീകരാക്രമണ മുന്നറിയിപ്പ് ഉണ്ടായിട്ടും കര്‍ശന പരിശോധന നടത്തിയില്ല. എന്തുകൊണ്ട്? തെരഞ്ഞെടുപ്പില്‍ ജവാന്മാരുടെ മൃതദേഹം വെച്ച് രാഷ്ട്രീയം കളിക്കാനാണ് നീക്കം. മോദി യുദ്ധത്തെ മുന്‍നിര്‍ത്തിയാണ് കളിക്കുന്നത്. രാജ്യത്ത് യുദ്ധഭീതിയുണ്ടാക്കുന്നു"- മമത വിമര്‍ശിച്ചു.

റാലിയില്‍ ബി.ജെ.പിക്കെതിരെയും മമത ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പായി ബംഗാളില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ പണമൊഴുക്കുകയാണ് ബി.ജെ.പി. ഹിന്ദുക്കളെ മുസ്‍ലിംകള്‍ക്കെതിരെ തിരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സ്വേച്ഛാധിപത്യ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നതാണ് പൊതുതെരഞ്ഞെടുപ്പിന് മുമ്പ് എടുക്കേണ്ട പ്രതിജ്ഞ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്നും മമത അവകാശപ്പെട്ടു.