LiveTV

Live

National

ഹരിയാനയിലെ ജനവിധി നിര്‍ണയിക്കുക ജാട്ട് - ദലിത് വോട്ടുകള്‍

ജനസംഖ്യയുടെ 45 ശതമാനത്തോളം വരുന്ന ഈ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഹരിയാനയില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്

ഹരിയാനയിലെ ജനവിധി നിര്‍ണയിക്കുക ജാട്ട് - ദലിത് വോട്ടുകള്‍

ജാട്ട് - ദലിത് വോട്ടുകളാണ് ഹരിയാനയിലെ ജനവിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകം. ജനസംഖ്യയുടെ 45 ശതമാനത്തോളം വരുന്ന ഈ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഹരിയാനയില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്.

ഹരിയാനയിലെ ജനസംഖ്യയില്‍ 25 ശതമാനം ജാട്ട് വിഭാഗക്കാരാണ്. 19.6 ശതമാനം ദലിതരും ഈ രണ്ട് ജനവിഭാഗങ്ങളും ചേര്‍ന്നാല്‍ 45 ശതമാനത്തോളം വരും. സംസ്ഥാന ജനസംഖ്യയുടെ നാലില്‍ ഒരു ഭാഗം വരുന്ന ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാണ്‍. ഇതുവരെ മുഖ്യമന്ത്രിയായവരില്‍ ബഹുഭൂരിഭാഗവും ജാട്ട് വിഭാഗത്തില്‍ നിന്നായിരുന്നു. വെറും നാല് മുഖ്യമന്ത്രിമാര്‍ മാത്രമാണ് ജാട്ടിതര വിഭാഗത്തില്‍ നിന്ന് അധികാരത്തിലെത്തിയത്.

ബന്‍സിലാല്‍ നാല് തവണയും ഓം പ്രകാശ് ചൌത്താല അഞ്ച് തവണയും മുഖ്യമന്ത്രിമാരായി. ഇരുവരും ജാട്ട് വിഭാഗക്കാര്‍. രണ്ട് തവണ വീതം ഭരിച്ച ദേവിലാലും ഭൂപേന്ദര്‍ സിംഗ് ഹൂഡയും ഇതേ ജാതിയില്‍ നിന്നുള്ളവര്‍ തന്നെ. എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ ഈ സമവാക്യം മാറി. ഈ സര്‍ക്കാരില്‍ ജാട്ടുകള്‍ക്ക് വലിയ സ്വാധീനമില്ല. കോണ്‍ഗ്രസും ലോക്ദളുമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഹരിയാനയിലെ മുഖ്യകക്ഷികള്‍.

എന്നാല്‍ 2014ല്‍ കഥമാറി. ബി.ജെ.പി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. ദലിത് വിഭാഗങ്ങളുടെ പിന്തുണയും മോദി തരംഗവുമായിരുന്നു ഹരിയാനയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. ദലിത് വിഭാഗങ്ങളുടെ പിന്തുണയായിരുന്നു കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത ജയം നല്‍കിയത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. ബി.ജെ.പി സര്‍ക്കാരിന്റെ ദലിത് വിരുദ്ധ നടപടികളും ഈ വിഭാഗങ്ങളില്‍ വലിയ അസംതൃപ്തിയാണുണ്ടാക്കിയത്.

ഈ മുറിവുണക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ദലിത് ബന്ദിനിടെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമായിരുന്നു. കൂടാതെ ദലിതര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുമെന്നും ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജാട്ട് വിഭാഗങ്ങളെ കയ്യിലെടുക്കാനുള്ള ചില നീക്കങ്ങളും ഖട്ടാര്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം വോട്ടായി മാറുമോ എന്ന് കാത്തിരുന്ന് കാണണം.