LiveTV

Live

National

സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക, ഇരകളെ സൃഷ്ടിക്കുക, വ്യാജവാര്‍ത്തകള്‍ ഇറക്കുക; സാങ്കേതിക ലോകത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ 

സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക, ഇരകളെ സൃഷ്ടിക്കുക, വ്യാജവാര്‍ത്തകള്‍ ഇറക്കുക; സാങ്കേതിക ലോകത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ 

സ്വകാര്യ വിവരങ്ങൾ ശേഖരിക്കുക, ഇരകളെ സൃഷ്ടിക്കുക, വ്യാജവാർത്തകൾ ഇറക്കുക- വോട്ടർമാരെ സ്വാധീനിക്കാൻ ഏതറ്റം വരെയും പോകാൻ ചില ഇന്ത്യൻ രാഷ്ട്രീയക്കാർ തയ്യാറാണെന്ന് ചൂണ്ടിക്കാണിക്കുന്ന ശിവം ശങ്കർ സിങിന്റെ ‘ഹൗ റ്റു വിൻ ഏൻ ഇന്ത്യൻ ഇലക്ഷൻ’ എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ:

പ്രത്യേകവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾ പുറത്തിറക്കാനുള്ള വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും മറ്റു പൊതുരേഖകളിൽ നിന്നും തന്നെയാണ്. വോട്ടർ പട്ടികയിൽ നിന്ന് തന്നെ ഒരു പ്രദേശത്തെ ആളുകളുടെ പേര്, അച്ഛന്റെ പേര്, പോളിങ് ബൂത്ത്, വോട്ടർ ഐ.ഡി നമ്പർ, പ്രായം എന്നീ വിവരങ്ങൾ ആർക്കും തേടിയെടുക്കാവുന്നതാണ്. ഉത്തർ പ്രദേശും ബീഹാറുമടക്കമുള്ള പല വലിയ സംസ്ഥാനങ്ങളിലും പേരിൽ നിന്നു തന്നെ ജാതിയും കണ്ടുപിടിക്കാൻ എളുപ്പമാണ്. പലരുടെ അവസാന നാമം അവരുടെ ജാതിയായിരിക്കും എന്നതു തന്നെ കാരണം.

എങ്കിലും ചിലയിടങ്ങളിൽ ഇത് അത്ര എളുപ്പമല്ല. ഉദാഹരണത്തിന് ‘ചൗധരി’ എന്ന കുലനാമം ബുമിഹാർ വിഭാഗക്കാർക്കിടയിലും പാസി വിഭാഗക്കാർക്കിടയിലും സാധാരണമാണ്. ഈ പ്രശ്നം തരണം ചെയ്യാൻ രാഷ്ട്രീയ പാർട്ടികളുടെ കൈയിൽ മറ്റാർക്കും ഇല്ലാത്ത ഒരു ആയുധമുണ്ട്- സൌജന്യമായി ലഭിക്കുന്ന ജോലിക്കാർ.

ലഘുലേഖ വിതരണം ചെയ്യലും കൊടി തൂക്കലുമല്ലാതെ മറ്റെന്തെങ്കിലും ജോലി പാർട്ടി തരുമായിരിക്കും എന്ന് ആവേശത്തോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് അനുയായികൾ ഇന്ത്യയിലെ പ്രധാന പാർട്ടികൾക്കുണ്ട്. മണ്ഡലത്തിലെ ഓരോ വ്യക്തിയുടെയും ജാതി കണ്ടുപിടിച്ച് അറിയിക്കുക എന്നത് പ്രദേശവാസികളായ ഇവരെ സംബന്ധിച്ചെടുത്തോളം ഒരു ജോലിയേ അല്ല. കുറച്ച് വർഷങ്ങൾക്കു മുൻപ് വരെ ഇങ്ങനെ ഏറ്റവും താഴത്തെ നിലയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു കൊടുക്കുന്ന ‘പന്ന പ്രമുഖു’കൾ ബി.ജെ.പിയുടെ മാത്രം ശക്തിയായിരുന്നെങ്കിൽ ഇന്ന് കോൺഗ്രസിനും ഈയൊരു സമീപനത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധം വന്നുകഴിഞ്ഞു. രണ്ട് ഭാഗത്തായി വോട്ടർ പട്ടികയിലെ ഒരു പേജിൽ 60ഓളം ആളുകളുടെ പേരുകളാണ് ഉണ്ടാവുക. ഇതിൽ ഓരോരുത്തർക്കിടയിലും നേരിട്ട് പ്രചരണം നടത്താൻ ഏൽപിക്കപ്പെട്ടവരാണ് പന്ന പ്രമുഖുകൾ. ഇപ്പോൾ കോൺഗ്രസും ഇതേ പോലെ ‘പേജ് ഇൻ-ചാർജുകളെ’ നിയമിച്ചു തുടങ്ങിയിട്ടുണ്ട്. 2017ൽ നടന്ന പഞ്ചാബ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടി ഈ നയം പ്രയോഗിച്ചു നോക്കിയിട്ടുമുണ്ട്.

ആരോഗ്യം, വരുമാനം എന്നിവയടക്കം ചില പ്രത്യേക മേഖലകളിലല്ലാത്ത സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള നിയമങ്ങൾ ഏതാണ്ട് നിലവിലില്ലാത്ത ഇന്ത്യ പോലുള്ള രാജ്യത്ത് ഫോൺ നമ്പറുകൾ കണ്ടുപിടിക്കുക എന്നത് എത്ര എളുപ്പമാണെന്ന് രാഷ്ട്രീയ പാർട്ടികൾ കാണിച്ചു തരുന്നു

ജാതി വിവരങ്ങൾ കിട്ടിയാൽ അടുത്ത പടി ഫോൺ നമ്പറുകൾ ശേഖരിക്കലാണ്. സിം കാർഡ് വിതരണക്കാരുടെ കൈയിൽ നിന്നും ഫോൺ കമ്പനികളിലെ താഴെക്കിടയിലുള്ള ജോലിക്കാരുടെ കൈയിൽ നിന്നും മറ്റും നമ്പറുകൾ ശേഖരിച്ചു വെക്കുന്ന ‘ബ്രോക്കർമാരാ’ണ് അവരെ ഈ കാര്യത്തിൽ സഹായിക്കുന്നത്. ആരോഗ്യം, വരുമാനം എന്നിവയടക്കം ചില പ്രത്യേക മേഖലകളിലല്ലാത്ത സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനുള്ള നിയമങ്ങൾ ഏതാണ്ട് നിലവിലില്ലാത്ത ഇന്ത്യ പോലുള്ള രാജ്യത്ത് ഫോൺ നമ്പറുകൾ കണ്ടുപിടിക്കുക എന്നത് എത്ര എളുപ്പമാണെന്ന് രാഷ്ട്രീയ പാർട്ടികൾ കാണിച്ചു തരുന്നു.

സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക, ഇരകളെ സൃഷ്ടിക്കുക, വ്യാജവാര്‍ത്തകള്‍ ഇറക്കുക; സാങ്കേതിക ലോകത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ 

ഓരോ വോട്ടറുടെയും സാമൂഹിക-സാമ്പത്തിക സ്ഥിതി അവരുടെ വോട്ടിനെയും പ്രചാരണങ്ങളോടുള്ള അവരുടെ പ്രതികരണത്തെയും സ്വാധീനിക്കുന്നുണ്ട്. ഭൂവിവരങ്ങൾ, നാഷനൽ സാമ്പിൾ സർവേ ഓർഗനൈഷേന്റെ പഠനങ്ങൾ, സെൻസസ് തുടങ്ങിയ രേഖകളിൽ നിന്ന് ഈ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും. വൈദ്യുതി ബിൽ തുടങ്ങിയ വേറെയും മാർഗങ്ങളിലൂടെ ഒരു വ്യക്തിയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി വിലയിരുത്താൻ സാധിക്കും. ഉയർന്ന സാമ്പത്തിക നിലയുള്ളവർ ഏ.സി, ഹീറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനാൽ ഉയർന്ന ബിൽ സംഖ്യ അടക്കുന്നവരാണ്.

ഏറ്റവും ദരിദ്രരായ വോട്ടർമാരെ തിരിച്ചറിയാൻ ബി.പി.എൽ പട്ടിക ഉപകരിക്കും. ജനസംഖ്യ കൂടുതലുള്ള നഗരങ്ങളിൽ മധ്യവർഗക്കാരെ ദരിദ്ര വിഭാഗക്കാർക്കിടയിൽ നിന്ന് വേർതിരിക്കാൻ വൈദ്യുതി ബില്ലുകൾ ഏറെ ഉപകരിക്കുന്നുണ്ട്.

അങ്ങനെ ഒരേ പ്രദേശത്തിൽ തന്നെ വസിക്കുന്നവരെ പ്രായം, മതം, ജാതി, സാമ്പത്തിക സ്ഥിതി എന്നീ മാനദണ്ഡങ്ങൾക്കനുസരിച്ച് വ്യക്തമായി വേർതിരിച്ചാണ് പാർട്ടികൾ പ്രചരണത്തിനിറങ്ങുന്നത്. പുറത്ത് നിന്ന് കാണുന്നവർക്ക് ഇത് വെറും വോട്ടർ പട്ടികയായി മാത്രമേ തോന്നുകയുള്ളൂ. ലോകത്ത് മറ്റൊരു രാജ്യത്തും സാധിക്കാത്ത വിധത്തിൽ ഓരോ ചെറിയ വിഭാഗത്തെയും പ്രത്യേകമായി ലക്ഷ്യം വെച്ചു കൊണ്ട് പ്രചരണം നടത്താൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കും.

സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക, ഇരകളെ സൃഷ്ടിക്കുക, വ്യാജവാര്‍ത്തകള്‍ ഇറക്കുക; സാങ്കേതിക ലോകത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ 

ഉത്തർ പ്രദേശിനെ ഒരു ഉദാഹരണമാക്കാം. ഉത്തർ പ്രദേശിൽ സവർണ ജാതിക്കാരുടെ വോട്ടുകൾ ഉറപ്പുള്ള ഒരു പാർട്ടിയുണ്ടെന്ന് സങ്കൽപിക്കുക- പാർട്ടി 1. എന്നാൽ തെരഞ്ഞെടുപ്പ് ജയിക്കാൻ മറ്റു ജാതിക്കാരുടെ കൂടി പിന്തുണയുണ്ടെങ്കിലേ സാധിക്കൂ. ഉത്തർ പ്രദേശിലെ ഒ.ബി.സി വിഭാഗക്കാർക്കിടയിൽ 11 ശതമാനം യാദവുകളും 31 ശതമാനം മറ്റുള്ളവരുമാണ്.

ഇതിൽ യാദവുകൾക്ക് ചായ്‍വ് മറ്റൊരു പാർട്ടിയോടാണെന്നും (പാർട്ടി 2) അവരുടെ വോട്ടുകൾ മറിയാനുള്ള സാധ്യത കുറവാണെന്നും സങ്കൽപിക്കുക. എന്നാൽ ബാക്കിയുള്ള 31 ശതമാനം നല്ലൊരു കാരണം കിട്ടിയാൽ ഒന്നാം പാർട്ടിക്ക് വോട്ടു ചെയ്യാൻ സാധ്യതയുണ്ട്.

ഇതിനുള്ള ഏറ്റവും എളുപ്പ മാർഗം യാദവരല്ലാത്തവരെ ഏതെങ്കിലും തരത്തിൽ ഇരകളായി ചിത്രീകരിക്കുകയും അവർ യാദവരിൽ നിന്ന് അകലുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. ഇന്നത്തെ കാലത്ത് ഇതിന് ഏറ്റവും അനുയോജ്യമായ ആയുധം വാട്ട്സാപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളാണ്.

വോട്ടർമാരുടെ വിവരങ്ങൾ ഉപയോഗിച്ച് യാദവരല്ലാത്ത ഒ.ബി.സി വിഭാഗക്കാർ മാത്രമടങ്ങുന്ന ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങാൻ പാർട്ടിക്ക് സാധിക്കും. അത് ഒരു പ്രത്യേക പ്രായത്തിനിടയിലുള്ളവരും പ്രത്യേക സാമൂഹിക-സാമ്പത്തിക വിഭാഗത്തിൽ പെടുന്നവരും മാത്രമുള്ള ഗ്രൂപ്പ് ആക്കാനും ബുദ്ധിമുട്ടില്ല. ഇ-മെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളും ഉപയോഗിച്ച് പ്രത്യേക വിഭാഗങ്ങളെ ഉന്നം വെച്ചു കൊണ്ടുള്ള പരസ്യങ്ങൾ ചെയ്യാൻ ഫേസ്‍ബുക്കിലും സൌകര്യമുണ്ട് എന്ന് അധികമാളുകൾക്കും അറിയില്ല.

ഇങ്ങനെ ഒരു പൊതുശത്രുവിനെ സൃഷ്ടിക്കുകയും ആ ശത്രുവിൽ നിന്ന് രക്ഷിക്കാൻ ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന് ധാരണ ഉണ്ടാക്കിയെടുക്കുകയുമാണ് പാർട്ടികളുടെ വഴി. ഒരു സാമൂഹിക വിഭാഗത്തെ മാത്രമല്ല, അവർ പിന്തുണക്കുന്ന പാർട്ടിയെയും ഇങ്ങനെ ശത്രുവായി ചിത്രീകരിക്കാൻ അവർക്ക് സാധിക്കുന്നു

വിദ്യാഭ്യാസ സ്ഥാനപനങ്ങളിലും തൊഴിലിടങ്ങളിലുമുള്ള സംവരണം എങ്ങനെയാണ് യാദവന്മാരെ മാത്രം സഹായിച്ചതെന്നും മറ്റ് ഒ.ബി.സി വിഭാഗങ്ങൾക്ക് നേട്ടം കുറവാണെന്നുമുള്ള തരത്തിൽ ഈ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയാൽ കുറച്ച് കാലത്തിനുള്ളിൽ തന്നെ അതിന്റെ അനന്തരഫലങ്ങൾ കണ്ടുതുടങ്ങും. രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ ഇത്തരത്തിൽ അയക്കപ്പെടുന്ന സന്ദേശങ്ങൾ ജനങ്ങളുടെ ദൈംദിന സംസാരങ്ങളുടെ ഭാഗമാവുകയും യാദവുകൾ തങ്ങളുടെ കൈയിൽ നിന്ന് എന്തൊക്കെയോ തട്ടിപ്പറിച്ചെടുത്തു എന്ന തോന്നൽ അവരിൽ ഉണ്ടായിത്തുടങ്ങുകയും ചെയ്യും.

ഇതിന് പ്രതികാരം ചെയ്യാൻ രണ്ടാം പാർട്ടിയെ തോൽപിക്കണമെന്നും അതിനു വേണ്ടി ഒന്നാം പാർട്ടിക്ക് വോട്ടു ചെയ്യണമെന്നും അവർ സ്വാഭാവികമായി ചിന്തിച്ചു തുടങ്ങുന്നു. വ്യാജവാർത്തകൾക്ക് ഏറെ പ്രചാരം ലഭിക്കുന്നതും ഈയൊരു സാഹചര്യത്തിലാണ്. ഇങ്ങനെ ഒരു പൊതുശത്രുവിനെ സൃഷ്ടിക്കുകയും ആ ശത്രുവിൽ നിന്ന് രക്ഷിക്കാൻ ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ കഴിയുകയുള്ളൂ എന്ന് ധാരണ ഉണ്ടാക്കിയെടുക്കുകയുമാണ് പാർട്ടികളുടെ വഴി. ഒരു സാമൂഹിക വിഭാഗത്തെ മാത്രമല്ല, അവർ പിന്തുണക്കുന്ന പാർട്ടിയെയും ഇങ്ങനെ ശത്രുവായി ചിത്രീകരിക്കാൻ അവർക്ക് സാധിക്കുന്നു. ഏതു പാർട്ടിക്ക് വോട്ട് ചെയ്യണം എന്നതിനെക്കുറിച്ച് അതോടെ മറ്റു വിഭാഗക്കാർക്കിടയിൽ സംശയമില്ലാത്ത സാഹചര്യവും അതോടെ നിലവിൽ വരുന്നു.

സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുക, ഇരകളെ സൃഷ്ടിക്കുക, വ്യാജവാര്‍ത്തകള്‍ ഇറക്കുക; സാങ്കേതിക ലോകത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍