ഗാന്ധി വധം പുനരാവിഷ്കരിച്ച പൂജ പാണ്ഡെയെ ഉടവാള് നല്കി ആദരിച്ച് ഹിന്ദുമഹാസഭ
ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് ഭഗവത്ഗീതയുടെ പതിപ്പും ഒരു വാളും നല്‍കിയാണ് പൂജ ശകുന്‍ പാണ്ഡെയെ ആദരിച്ചത്.

ഗാന്ധി വധം പുനരാവിഷ്കരിച്ച പൂജ ശകുന്‍ പാണ്ഡെയെയും ഭര്‍ത്താവ് അശോക് പാണ്ഡെയെയും ആദരിച്ച് ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭാ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് ഭഗവത്ഗീതയുടെ പതിപ്പും ഒരു വാളും നല്‍കിയാണ് പൂജ ശകുന്‍ പാണ്ഡെയെ ആദരിച്ചത്.
"അലിഗഡ് പൊലീസ് ജയിലിലടച്ച ഞങ്ങളുടെ നേതാക്കളേയും പ്രവര്‍ത്തകരേയും ഞങ്ങള്‍ ആദരിച്ചു. ഞങ്ങള്‍ക്ക് ജാമ്യം കിട്ടാന്‍ സഹായിച്ച അഭിഭാഷകനേയും ആദരിച്ചു. ഏത് പ്രതിസന്ധിയിലും ഞങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നവരേയും ഈ വേദിയില്‍ ആദരിച്ചു. ഇന്നത്തെ ചടങ്ങ് പൊലീസ് വീഡിയോയില്‍ പകര്‍ത്തിയതിനെ ഞങ്ങള്‍ ഭയപ്പെടുന്നില്ല.”- അശോക് പാണ്ഡെ പറഞ്ഞു.

ഹിന്ദുമഹാസഭ ദേശീയ ജനറല്‍ സെക്രട്ടറിയാണ് പൂജ ശകുന്‍ പാണ്ഡെ. ഹിന്ദുമഹാസഭയുടെ വക്താവാണ് അശോക് പാണ്ഡെ. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത് കൃത്രിമ രക്തമൊഴുക്കിയാണ് ഗാന്ധി വധം പുനരാവിഷ്കരിച്ചത്. ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ പൂജ പാണ്ഡെ മാല അണിയിക്കുകയും ചെയ്തു. പിന്നാലെ പ്രവര്‍ത്തകര്‍ക്കൊപ്പം മധുരം പങ്കിട്ടാണ് ഗാന്ധിവധം ഇവര്‍ ആഘോഷമാക്കിയത്. അലിഗഡിലാണ് സംഭവം നടന്നത്.

തുടര്‍ന്ന് ഫെബ്രുവരി ആറിന് പൂജ പാണ്ഡെയെയും അശോക് പാണ്ഡെയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി. ഗോഡ്സെയുടെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യഥാര്‍ത്ഥ്യം വിദ്യാര്‍ത്ഥികള്‍ മനസിലാക്കണമെന്നും ഹിന്ദുമഹാസഭയുടെ ആദരം ഏറ്റുവാങ്ങി പൂജ പാണ്ഡെ പറഞ്ഞു.