LiveTV

Live

National

മോദി പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ്സ് ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ്

സൈന്യത്തോടുള്ള ആദരസൂചകമായാണ് യുദ്ധസ്മാരകം നിര്‍മിച്ചത്. ആ ധീരരുടെ മണ്ണില്‍ നിന്നുകൊണ്ട് രാഷ്ട്രീയ പഴിചാരല്‍ നടത്തരുതെന്ന് സുര്‍ജെവാല 

 മോദി പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ്സ് ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ്

ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ്സ് ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തി. സൈന്യത്തോടുള്ള ആദരസൂചകമായാണ് യുദ്ധസ്മാരകം നിര്‍മിച്ചത്. ആ ധീരരുടെ മണ്ണില്‍ നിന്നുകൊണ്ട് രാഷ്ട്രീയ പഴിചാരല്‍ നടത്തരുതെന്ന് സുര്‍ജെവാല ആവശ്യപ്പെട്ടു. യുദ്ധ സ്മാരക ഉദ്ഘാടന വേദിയെ മോദി തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കി മാറ്റിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ ദേശീയ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ജവാൻമാരുടെ ജീവിതം വച്ചാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്ന് മോദി ആരോപിച്ചു. റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തരുതെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ബൊഫോഴ്സ് മുതൽ ഹെലികോപ്റ്റർ ഇടപാട് വരെയുള്ള അന്വേഷണം ഒരൊറ്റ കുടുംബത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും മോദി കുറ്റപ്പെടുത്തുകയുണ്ടായി.

വീരമൃത്യു വരിച്ച 25942 സൈനികരുടെ പേരുകള്‍ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. 176 കോടി ചെലവഴിച്ചാണ് സ്മാരകം പൂര്‍ത്തിയാക്കിയത്. വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മരണയ്ക്ക് മുന്നില്‍ നിന്ന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതിനെതിരെയാണ് പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയത്.